Mrunal Thakur: ധനുഷുമായി പ്രണയത്തിലാണോ? മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ
Mrunal Thakur about rumours: സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും അജയ് ദേവ്ഗണാണ് ക്ഷണം നൽകിയതെന്നും മൃണാൾ വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് മൃണാൾ താക്കൂർ. ദുൽഖർ സൽമാനൊപ്പമുള്ള സീതാ രാമം എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യ പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. തമിഴ് നടൻ ധനുഷുമായി താരം പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും മൃണാൾ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കൂടാതെ കഴിഞ്ഞ മാസം, ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്ക് മേന് വേണ്ടി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൾ താക്കൂറും പങ്കെടുത്തിരുന്നു. അതേസമയം ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും മൃണാൽ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി’ മൃണാൾ പറഞ്ഞതായി ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്തു. കൂടാതെ സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും അജയ് ദേവ്ഗണാണ് ക്ഷണം നൽകിയതെന്നും മൃണാൾ വ്യക്തമാക്കി.