MTV shuts down: 500 മില്യൺ ഡോളർ ലാഭിക്കാൻ ഒരു സംഗീത യുഗത്തിനു പൂട്ടു വീഴുന്നു, എംടിവി ഇനി നൊസ്റ്റാൾജിയ മാത്രം
Music Era Ends to Save 500 million Dollars channel: 1990കളിലെയും 2000കളിലെയും പ്രേക്ഷകരുടെ ഒരു അംശം പോലും ഇന്ന് ഈ ചാനലുകൾക്ക് ലഭിക്കുന്നില്ല. 2025 ജൂലൈയിൽ എംടിവി മ്യൂസിക്കിന് 13 ലക്ഷവും എംടിവി 90s-ന് 9.49 ലക്ഷവും കാഴ്ചക്കാർ മാത്രമാണ് ഉണ്ടായിരുന്നത്
നാല് പതിറ്റാണ്ടുകളോളം സംഗീതലോകത്തെയും യുവസംസ്കാരത്തെയും അടക്കിഭരിച്ച എംടിവിയുടെ അഞ്ച് സംഗീത ചാനലുകൾക്ക് താഴിടുന്നു. 2025 ഡിസംബർ 31-ഓടെ എംടിവി മ്യൂസിക്, എംടിവി 80സ്, എംടിവി 90സ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നീ ചാനലുകളുടെ സംപ്രേഷണം സ്ഥിരമായി നിർത്തുമെന്ന് മാതൃകമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. റിയാലിറ്റി ഷോകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന എംടിവി ചാനൽ മാത്രമേ ഇനി അവശേഷിക്കുകയുള്ളൂ.
സംഗീത പ്രേമികൾക്ക് പ്രിയങ്കരമായിരുന്ന ഈ ചാനലുകൾ ഇല്ലാതാകുന്നതോടെ, റെട്രോ ഹിറ്റുകൾ, തത്സമയ കച്ചേരികൾ, ക്ലാസിക് മ്യൂസിക് വീഡിയോകൾ എന്നിവ കാണാനുള്ള പ്രധാന ഇടമാണ് ഓർമ്മയാകുന്നത്.
എന്തുകൊണ്ട് ?
എംടിവിയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്, ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇന്ന് സംഗീത വീഡിയോകൾക്കായി യൂട്യൂബ്, ടിക് ടോക്, സ്പോട്ടിഫൈ എന്നിവയെ ആശ്രയിക്കാൻ തുടങ്ങി. ഇത് പരമ്പരാഗത സംഗീത ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ കുറച്ചു.
2025-ൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ച ശേഷം, ആഗോളതലത്തിൽ 500 മില്യൺ ഡോളർ വെട്ടിച്ചുരുക്കാനുള്ള പാരാമൗണ്ട് ഗ്ലോബലിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. കുറഞ്ഞ പ്രേക്ഷകരുള്ള ഈ ചാനലുകൾ നിലനിർത്തുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറി.
1990കളിലെയും 2000കളിലെയും പ്രേക്ഷകരുടെ ഒരു അംശം പോലും ഇന്ന് ഈ ചാനലുകൾക്ക് ലഭിക്കുന്നില്ല. 2025 ജൂലൈയിൽ എംടിവി മ്യൂസിക്കിന് 13 ലക്ഷവും എംടിവി 90s-ന് 9.49 ലക്ഷവും കാഴ്ചക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
ആദ്യം യു.കെ.യിൽ, പിന്നെ ലോകമെമ്പാടും…
യു.കെ., അയർലൻഡ് എന്നിവിടങ്ങളിലെ ചാനലുകൾക്കാണ് ആദ്യം പൂട്ട് വീഴുന്നത്. തുടർന്ന് ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഈ സംഗീത ചാനലുകൾ വിടപറയും. 1981-ൽ 24 മണിക്കൂർ സംഗീത ചാനലായി ആരംഭിച്ച എംടിവിയുടെ ഒരു വലിയ അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്.
ചാനലുകൾ പൂട്ടിയാലും എംടിവി എന്ന ബ്രാൻഡ് സോഷ്യൽ മീഡിയകളിലും പാരാമൗണ്ട്+ എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും ശക്തമായി തുടരും. ഡിജിറ്റൽ യുഗത്തിലെ പ്രേക്ഷകരുടെ മാറുന്ന താത്പര്യങ്ങൾക്കനുസരിച്ച് ബ്രാൻഡിനെ നിലനിർത്താനുള്ള ഒരു നീക്കമാണിത്.