Narain: ‘അക്കാര്യം എന്നെ പലപ്പോഴും ഡൗണാക്കിയിട്ടുണ്ട്, അത് നെഗറ്റീവുമായിട്ടുണ്ട്’
Narain about his film career: ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്‍ ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതല്‍ നടനാകാനായിരുന്നു ആഗ്രഹമെങ്കിലും സിനിമാറ്റോഗ്രാഫറായാണ് നരേന്‍ കരിയര്‍ ആരംഭിച്ചത്. സിനിമാറ്റോഗ്രാഫി പഠിച്ചതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി

നരേന്‍
സിനിമയിലെ പ്രൊഡക്ഷന്റെ കാലതാമസം തന്നെ പലപ്പോഴും ഡൗണാക്കിയിട്ടുണ്ടെന്നും, അത് നെഗറ്റീവുമായിട്ടുണ്ടെന്നും നടന്‍ നരേൻ. ചില പടങ്ങളുടെ ഷൂട്ടിങ് അഞ്ചെട്ട് മാസമൊക്കെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്‍ ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതല്‍ നടനാകാനായിരുന്നു ആഗ്രഹമെങ്കിലും സിനിമാറ്റോഗ്രാഫറായാണ് നരേന്‍ കരിയര്‍ ആരംഭിച്ചത്. സിനിമാറ്റോഗ്രാഫി പഠിച്ചതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
തൃശൂരിലെ താമസിക്കുന്ന സമയത്ത് അന്നത്തെ അയല്‍വാസികള്‍ക്ക് സംവിധായകന്‍ ഫാസിലുമായി അടുപ്പമുണ്ടായിരുന്നു. അവര്‍ ഒരുദിവസം അദ്ദേഹത്തിന്റെ അടുത്തേക്ക് പോയപ്പോള്‍ താനും കൂടെ പോയി. ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു അതെന്നും താരം വ്യക്തമാക്കി.
”എനിക്ക് സിനിമ ഭയങ്കര താല്‍പര്യമാണെന്ന് അവര്‍ ഫാസില്‍ സാറിനോട് പറഞ്ഞു. സംവിധാനം പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ സിനിമാറ്റോഗ്രാഫി ശ്രമിച്ചുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. അഭിനയവും, സംവിധാനവും വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. സിനിമാറ്റോഗ്രാഫി ടെക്‌നിക്കല്‍ ക്വാളിഫിക്കേഷനായതുകൊണ്ട് അച്ഛന്‍ സമ്മതിച്ചു. ഒരു ചെറിയ സ്റ്റുഡിയോ ഇട്ടിട്ടെങ്കിലും ഇരിക്കാമല്ലോ എന്ന് അവര്‍ വിചാരിച്ചു കാണും. പൂനെ ഇന്‍സ്റ്റിറ്റൂട്ടില്‍ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അഡയാറിലാണ് കിട്ടിയത്”-നരേന്‍ പറഞ്ഞു.
സിനിമാറ്റോഗ്രഫി പഠിച്ചതിന് ശേഷം ഛായാഗ്രാഹകൻ രാജീവ് മേനോന്റെ കീഴില്‍ നരേന്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. സിനിമയിലേക്കുള്ള വരവും അവിടെ നിന്നാണെന്ന് താരം വ്യക്തമാക്കി.
‘രാജീവ് മേനോന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആ പടത്തില്‍ അസിസ്റ്റന്റ് ക്യാമറമാനുമായിരുന്നു. ചെറിയ വേഷവും ചെയ്തു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെയും സുകുമാരി ചേച്ചിയുടെയും മകനായാണ് അഭിനയിച്ചത്’-നരേന്‍ കൂട്ടിച്ചേര്‍ത്തു.