Nithya Menen: ‘കെട്ടിപ്പിടിക്കലും കെെ കൊടുക്കലും എനിക്കിഷ്ടമല്ല, കെെകൂപ്പി വണങ്ങുന്നതാണ് നമ്മുടെ സംസ്കാരം’; നിത്യ മേനോൻ
Nithya Menen on Hugging and Handshaking: ആളുകൾ നല്ലതാണോ മോശമാണോ എന്ന് താൻ വിലയിരുത്താറില്ലെന്നും, കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതും തനിക്ക് അസ്വസ്ഥ ഉണ്ടാക്കുമെന്നും നിത്യ മേനൻ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് ‘കാതലിക്ക നേരമില്ലെ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നിത്യ മേനൻ ഒരാൾക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതേ പരിപാടിക്കിടെ താരം സംവിധായകൻ മിസ്കിനെ ആലിംഗനം കൂടി ചെയ്തതോടെ ആളുകളെ സ്ഥാനം നോക്കി നടി വേർതിരിവോടെ കാണുന്നുവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ ഇതേകുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ നിത്യ മേനൻ.
ആളുകൾ നല്ലതാണോ മോശമാണോ എന്ന് താൻ വിലയിരുത്താറില്ലെന്നും, കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതും തനിക്ക് അസ്വസ്ഥ ഉണ്ടാക്കുമെന്നും നിത്യ മേനൻ പറയുന്നു. എല്ലാവരുമായും ഇടപെടുന്നത് ചില സമയത്ത് തന്നെ അസ്വസ്ഥമാക്കും. തനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം ആ വ്യക്തി മോശമാണെന്നല്ല. തനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യേണ്ട. വലിയ ആളായത് കൊണ്ടല്ല. ഇന്ത്യയിലെയും ജപ്പാനിലെയും പഴയ സംസ്കാരം ആളുകൾക്ക് കെെ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതുമല്ല. കെെ കൂപ്പി വണങ്ങുന്നതാണെന്നും നിത്യ മേനോൻ പറഞ്ഞു. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
തന്റെ ജീവിതരീതിയെ കുറിച്ചും നിത്യ മേനൻ അഭിമുഖത്തിൽ സംസാരിച്ചു. തന്റെ വസ്ത്രങ്ങൾ ഇപ്പോഴും താൻ തന്നെയാണ് അലക്കാറെന്ന് നിത്യ മേനോൻ പറയുന്നു. മൂന്ന് ദിവസം ജോലിക്കാർ വന്നില്ലെങ്കിലും തനിക്ക് കുഴപ്പമില്ല. അടിസ്ഥാന കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ്റുമെന്നും നടി പറഞ്ഞു. അതേസമയം, കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും നിത്യ പറയുന്നു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കർമ്മയുണ്ട്. ഒരാൾ നമ്മളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആ വേദന അവർ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ALSO READ: ‘അപ്പു വീട്ടിലേക്ക് വാടാ…നിന്റെ അച്ഛനാടാ പറയുന്നേ’; മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ വീഡിയോ വൈറൽ
“ഒരാൾ സന്തോഷവാനാണെങ്കിൽ യൂട്യൂബിൽ ഏതെങ്കിലും വീഡിയോക്ക് താഴെ മോശം കമന്റ്റ് ചെയ്യുമോ? ഗോസിപ്പ് പറയുന്നത് ഏറ്റവും മോശമായ ഒന്നാണ്. എന്നാൽ, എല്ലാവരും ഗോസിപ്പുകൾ പറയുന്നു. എല്ലാ മീഡിയ ഹൗസുകളും ഗോസിപ്പുകളുണ്ടാക്കിയാണ് ബിസിനസ് ചെയ്യുന്നത്. അതല്ല സത്യമെന്ന് അവർക്കും അറിയാം. ഗോസിപ്പ് നിങ്ങളുടെ മനസിനെയും ആരോഗ്യത്തെയും വളരെ മോശമായി ബാധിക്കും” എന്നും നിത്യ മേനോൻ പറഞ്ഞു.
‘തലെെവൻ തലെെവി’യാണ് നിത്യ മേനനിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. ജൂലെെ 25നാണ് ചിത്രത്തിന്റെ റിലീസ്.