AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manichithrathazhu Song: ഗായകർ പാടാൻ മടിക്കുന്ന പാട്ട്, അഡ്വാൻസ് മടക്കിനൽകാനാവാതെ ഒടുവിൽ പൂർത്തിയാക്കിയ ​ഗാനം, പഴന്തമിഴ്പാട്ടിന് ഇങ്ങനെയും ഒരു കഥ

Behind the scenes of Manichitrathazhu Songs: പാട്ട് ഹിറ്റായെങ്കിലും ബിച്ചു തിരുമലയ്ക്ക് വീണു പരിക്കേറ്റ് രണ്ടു മാസത്തോളം വിശ്രമിക്കേണ്ടി വന്നു. സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ ഒന്നര മാസത്തോളം കടുത്ത ചികിത്സയിലുമായിരുന്നു.

Manichithrathazhu Song: ഗായകർ പാടാൻ മടിക്കുന്ന പാട്ട്, അഡ്വാൻസ് മടക്കിനൽകാനാവാതെ ഒടുവിൽ പൂർത്തിയാക്കിയ ​ഗാനം, പഴന്തമിഴ്പാട്ടിന് ഇങ്ങനെയും ഒരു കഥ
ManichitrathazhImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 25 Jan 2026 | 01:58 PM

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത സൈക്കോളജിക്കൽ ത്രില്ലറായ ‘മണിച്ചിത്രത്താഴ്’ പിറവികൊണ്ടിട്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും, അതിലെ ഗാനങ്ങൾക്കു പിന്നിലെ കൗതുകകരമായ കഥകൾ ഇന്നും വിസ്മയമാണ്. “ഈ പടത്തിന് പാട്ടൊരുക്കാൻ എന്നെക്കൊണ്ട് കഴിയില്ല, നീ ഈ അഡ്വാൻസ് തിരിച്ചു കൊടുത്തേക്ക്” എന്ന് സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ പാതിവഴിയിൽ കൈമലർത്തിയ ഒരു ചരിത്രം ആ പാട്ടുകൾക്കു പിന്നിലുണ്ട്.

ആലപ്പുഴയിൽ വെച്ച് സംവിധായകൻ ഫാസിൽ കഥ വിവരിച്ചുകൊടുത്തപ്പോൾ തന്നെ എം.ജി. രാധാകൃഷ്ണൻ അല്പം പരിഭ്രമിച്ചിരുന്നു. തഞ്ചാവൂരിലെ നർത്തകി നാഗവല്ലിയും മാടമ്പള്ളിയിലെ പ്രേതബാധയും ചേർന്ന അന്തരീക്ഷം ഒരുക്കാൻ ഏത് രാഗം വേണമെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ‘ആഹരി’ രാഗമല്ലാതെ മറ്റൊന്നും തന്റെ മനസ്സിൽ വരുന്നില്ലെന്ന് അദ്ദേഹം ഗാനരചയിതാവ് ബിച്ചു തിരുമലയോട് സമ്മതിച്ചു.

സംഗീത ലോകത്ത് ‘അന്നം മുടക്കി രാഗം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഹരിയിൽ പാട്ടൊരുക്കാൻ പലരും ഭയപ്പെട്ടിരുന്ന കാലമായിരുന്നു അത്. എന്നാൽ ബിച്ചു തിരുമല നൽകിയ ധൈര്യത്തിൽ എം.ജി. രാധാകൃഷ്ണൻ ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെയാണ് “പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ…” എന്ന വിസ്മയം പിറന്നത്.

ഡോ. സണ്ണി എന്ന സൈക്യാട്രിസ്റ്റ് ഗംഗയുടെ ഉപബോധമനസ്സിലെ നാഗവല്ലിയെ പഠിക്കാൻ ശ്രമിക്കുന്നതാണ് പാട്ടിന്റെ പശ്ചാത്തലം. “വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം” എന്ന വരിയിലൂടെ മുറിഞ്ഞുപോയ പ്രണയത്തെയും, “കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി” എന്നതിലൂടെ ഗംഗയുടെ മാനസികാവസ്ഥയെയും ബിച്ചു തിരുമല മനോഹരമായി വരച്ചുകാട്ടി. യേശുദാസിന്റെ ശബ്ദമാധുര്യം കൂടി ചേർന്നതോടെ ആഹരി രാഗത്തിലെ ഈ ഗാനം അമരമായി.

Also Read:ഇവിടെ ഏത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം; സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങി; സീരിയൽ ഉപേക്ഷിച്ചശേഷമുള്ള അർച്ചനയുടെ മാറ്റം

ഈ പാട്ടിന്റെ ഓർക്കസ്ട്രേഷനിൽ ലോകപ്രശസ്ത ഡ്രമ്മർ ശിവമണി ഡ്രംസ് കൈകാര്യം ചെയ്തപ്പോൾ, വയലിൻ വായിച്ചത് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആയിരുന്നു. സിനിമയ്ക്ക് ‘മണിച്ചിത്രത്താഴ്’ എന്ന പേര് ലഭിച്ചതുപോലും ബിച്ചു തിരുമല എഴുതിയ വരികളിൽ നിന്നാണെന്നത് മറ്റൊരു പ്രത്യേകത.

 

വിശ്വാസവും യാദൃശ്ചികതയും

 

ആഹരി രാഗത്തെക്കുറിച്ചുള്ള പഴയ വിശ്വാസങ്ങളെ ശരിവെക്കുന്ന ചില യാദൃശ്ചികതകളും അന്ന് സംഭവിച്ചു. പാട്ട് ഹിറ്റായെങ്കിലും ബിച്ചു തിരുമലയ്ക്ക് വീണു പരിക്കേറ്റ് രണ്ടു മാസത്തോളം വിശ്രമിക്കേണ്ടി വന്നു. സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ ഒന്നര മാസത്തോളം കടുത്ത ചികിത്സയിലുമായിരുന്നു. എങ്കിലും, ആഹരി രാഗത്തിന് ഒരു പുതിയ ഭാവം നൽകി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് സമ്മാനിക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചു.