NM Badusha: ഉണ്ണി മുകുന്ദന്‍-വിപിന്‍ കുമാര്‍ പ്രശ്‌നം മാര്‍ക്കറ്റിങ് തന്ത്രമോ? വെളിപ്പെടുത്തി ബാദുഷ
NM Badusha on the Unni Mukundan-Vipin Kumar controversy: ഉണ്ണിയുടെയും വിപിന്റെയും ഇടയില്‍ എന്തെല്ലാം പ്രശ്‌നമുണ്ടെന്ന് നമുക്ക് അറിയില്ല. ആരോപണങ്ങള്‍ക്ക് ഉണ്ണി മറുപടി കൊടുത്തിട്ടുണ്ട്. വിവാദങ്ങളിലേക്ക് പോകേണ്ടതില്ലായിരുന്നു. പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്നും ബാദുഷ
ഉണ്ണി മുകുന്ദന്‍-വിപിന്‍ കുമാര്‍ പ്രശ്‌നം മാര്‍ക്കറ്റിങ് തന്ത്രമാണെന്ന ആരോപണം തള്ളി എന്‍എം ബാദുഷ. തിയേറ്ററിലിരുന്ന് ഒരു സിനിമ കാണുന്നതിനിടെയാണ് മൊബൈലില്‍ ഈ വാര്‍ത്ത അറിയുന്നതെന്ന് ബാദുഷ വെളിപ്പെടുത്തി. അത് ഉടന്‍ തന്നെ നരിവേട്ടയുടെ സംവിധായകനും നിര്‍മാതാവിനും അയച്ചുകൊടുത്തു. അപ്പോഴാണ് അവരും ഇത് അറിയുന്നത്. അതുകൊണ്ട്, ഒരിക്കലും നരിവേട്ട വിജയിപ്പിക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രമല്ല ഇത്. വിവാദങ്ങള്‍ക്ക് നരിവേട്ടയുമായി ബന്ധമില്ലെന്നും ബാദുഷ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് ബാദുഷ. ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.
നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മര്‍ദ്ദിച്ചെന്നാണ് വിപിന്റെ ആരോപണം. അത് എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. അവരുടെ ഇടയില്‍ എന്തെല്ലാം പ്രശ്‌നമുണ്ടെന്ന് നമുക്ക് അറിയില്ല. ആരോപണങ്ങള്‍ക്ക് ഉണ്ണി മറുപടി കൊടുത്തിട്ടുണ്ട്. വിവാദങ്ങളിലേക്ക് പോകേണ്ടതില്ലായിരുന്നു. പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്നും ബാദുഷ അഭിപ്രായപ്പെട്ടു.
വിപിനെയും ഉണ്ണിയെയും വ്യക്തിപരമായി അറിയാം. പൃഥിരാജിന്റെ പേജ് ഹാന്‍ഡില്‍ ചെയ്തിരുന്നത് വിപിനാണ്. ആ വഴിയാണ് ആദ്യമായിട്ട് വിപിനെ പരിചയപ്പെടുന്നത്. അത് 10 വര്‍ഷം മുമ്പാണ്. ആ സമയത്ത് വിപിന്‍ പൃഥിരാജിന്റെയും, ഇന്ദ്രജിത്തിന്റെയും, ടൊവിനോയുടെയും മറ്റ് കുറേ ആര്‍ട്ടിസ്റ്റുകളുടെയും പേജ് കൈകാര്യം ചെയ്തിരുന്നു. അതിനുശേഷമാണ് ഉണ്ണിയുടെ പേജും വിപിന്‍ കൈകാര്യം ചെയ്തതെന്നും ബാദുഷ വ്യക്തമാക്കി.




മാനേജര്‍ പദവിയെ അംഗീകരിക്കില്ല
മാനേജര്‍ പദവിയെ അംഗീകരിക്കുന്നയാളല്ല താനെന്നും എന്‍എം ബാദുഷ പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും എല്ലാ ആളുകളെയും നേരിട്ട് വിളിക്കുന്നയാളാണ് താന്‍. ബന്ധങ്ങള്‍ ആ രീതിയിലുണ്ടാക്കണം. മുമ്പും താന്‍ മാനേജര്‍മാരെ അംഗീകരിച്ചിട്ടില്ല. താന്‍ പല ആര്‍ട്ടിസ്റ്റുകളുടെയും മാനേജരാണെന്ന് ഒരു കാലത്ത് പ്രചാരണമുണ്ടായിരുന്നു. ആരുടെയും മാനേജരായി വര്‍ക്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ജോജുവിന്റെയും, ഹരീഷ് കണാരന്റെയും ധര്‍മജന്റെയും സലിം കുമാറിന്റെയുമൊക്കെ മാനേജരാണെന്ന് ഒരു സമയത്ത് പ്രചാരണമുണ്ടായി. അവരിലേക്ക് എത്താനുള്ള എളുപ്പവഴി താനായതുകൊണ്ട് പലരും തന്നെ മാനേജരായി കണ്ടതാണ്. പക്ഷേ, താനൊരിക്കലും അവരുടെ മാനേജരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു.