Onam TV Premiers: തുടരും, ലിയോ, ജെഎസ്‌കെ; ഓണം കൊഴുപ്പിക്കാൻ സൂപ്പർ ഹിറ്റ് സിനിമകളുമായി ചാനലുകൾ
Onam TV Premieres In Malayalam Channels: ഓണത്തിന് തകർപ്പൻ സിനിമകളുമായി മലയാളം ചാനലുകൾ. തീയറ്ററിൽ നിറഞ്ഞോടിയ സിനിമകളിൽ വിവിധ ചാനലുകളിൽ പ്രദർശിപ്പിക്കും.
ഓണം കൊഴുപ്പിക്കാൻ സൂപ്പർ ഹിറ്റ് സിനിമകളുമായി മലയാളം ചാനലുകൾ. തുടരും, ലിയോ, ജെഎസ്‌കെ തുടങ്ങി തീയറ്ററുകളിൽ നിറഞ്ഞോടിയ സിനിമകളാണ് ഓണക്കാലത്ത് മലയാളികളുടെ സ്വീകരണ മുറിയിൽ എത്തുക. ഏഷ്യാനെറ്റ്, സൂര്യ, സീ കേരളം, അമൃത തുടങ്ങി വിവിധ ചാനലുകളിൽ ഓണം പ്രീമിയറായി സിനിമകൾ പ്രദർശിപ്പിക്കും.
ഏഷ്യാനെറ്റ് ആണ് ഓണത്തിന് ഏറ്റവും മികച്ച സിനിമ പ്രദർശിപ്പിക്കുക. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ഏഷ്യാനെറ്റിൽ സെപ്തംബർ അഞ്ച് തിരുവോണ ദിനത്തിന് വൈകിട്ട് ആറ് മണിയ്ക്ക് പ്രദർശിപ്പിക്കും. മനു സ്വരാജിൻ്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ പടക്കളം, അരുൺ ഡി ജോസ് സംവിധാനം ചെയ്ത് അർജുൻ അശോകൻ, മഹിമ നമ്പ്യാർ തുടങ്ങിയ താരങ്ങൾ ഒരുമിച്ച ബ്രോമാൻസ്, ദിലീപിനെ നായകനാക്കി ബിൻ്റോ സ്റ്റീഫൻ ഒരുക്കിയ പ്രിൻസ് ആൻഡ് ഫാമിലി എന്നീ സിനിമകളും ഓണത്തിന് ഏഷ്യാനെറ്റിലെത്തും. ബ്രോമാൻസ് (12 മണി), പ്രിൻസ് ആൻഡ് ഫാമിലി (മൂന്ന് മണി) എന്നീ സിനിമകൾ തിരുവോണദിനത്തിലും പടക്കളം സെപ്തംബർ നാല് ഉത്രാടദിനത്തിൽ വൈകിട്ട് 3.30 നും പ്രദർശിപ്പിക്കും.
സീ കേരളത്തിലാണ് ജെഎസ്കെ പ്രദർശിപ്പിക്കുക. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ ഒന്നിച്ച സിനിമ പ്രവീൺ നാരായണനാണ് സംവിധാനം ചെയ്തത്. സീ കേരളത്തിൽ തന്നെ ഓഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഓഫീസർ ഓൺ ഡ്യൂട്ടി പ്രദർശിപ്പിക്കും. കുഞ്ചാക്കോ ബോബൻ, പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച സിനിമ ഷാഹി കബീർ ആണ് ഒരുക്കിയത്. ആസിഫ് അലി – അനശ്വര രാജൻ ഒന്നിച്ച്, ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്ത രേഖാചിത്രവും സീ കേരളത്തിലെ ഓണച്ചിത്രമാണ്.
സൂര്യ ടിവിയിൽ തമിഴ് സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. ഉത്രാടദിനത്തിൽ തല അജിത്തിൻ്റെ വിടാമുയർച്ചി, രജനീകാന്തിൻ്റെ വേട്ടയ്യൻ, വിജയുടെ ലിയോ എന്നീ സിനിമകളാണ് സൂര്യ ടിവിയിൽ പ്രദർശിപ്പിക്കുക. അമൃത ടിവിയിൽ ഇഡി, തലവൻ, ചാവേർ, കപ്പ്, ഈശോ എന്നീ സിനിമകളും ഓണത്തിനെത്തും.