Prakash Raj: ‘അന്ന് പാണ്ടിപ്പടയിലെ അസിസ്റ്റന്റ് ഡയറക്ടർ, ഇന്ന് മികച്ച നടൻ’; സൗബിന്റെ ഫാനായി മാറിയെന്ന് പ്രകാശ് രാജ്
Prakash Raj Praises Soubin Shahir: സൗബിന്റെ കാര്യം പറയുകയാണെങ്കിൽ ആദ്യകാലം മുതൽ തന്നെ അദ്ദേഹം തിരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണെന്നും പ്രകാശ് രാജ് പറയുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ‘പാണ്ടിപ്പട’. 2005ൽ റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോമഡി ചിത്രത്തിൽ പാണ്ടി ദുരൈ എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ചത് നടൻ പ്രകാശ് രാജായിരുന്നു. നടൻ സൗബിൻ ഷാഹിർ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴിതാ, അന്ന് മുതൽ തന്നെ സൗബിന് സിനിമയോടുള്ള അഭിനിവേശം ശ്രദ്ധിച്ചിരുന്നുവെന്ന് പറയുകയാണ് പ്രകാശ് രാജ്. ഏത് വേഷവും ചെയ്യാൻ കഴിവുള്ള പ്രതിഭകളാണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളതെന്നും ഗലാട്ടാ ഗോൾഡൻ സ്റ്റാർ പുരസ്‌കാര വേദിയിൽ വച്ച് അദ്ദേഹം പറഞ്ഞു.
ഒരുപാടു വർഷങ്ങൾക്ക് മുമ്പ് താൻ മലയാളത്തിൽ ‘പാണ്ടിപ്പട’ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമയിൽ താൻ വില്ലൻ വേഷമാണ് ചെയ്തിരുന്നത്. അന്ന് ആ പടത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചത് സൗബിൻ ഷാഹിറാണ്. അന്നേ സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ താൻ ശ്രദ്ധിച്ചിരുന്നുവെന്ന് പ്രകാശ് രാജ് പറയുന്നു. ഇപ്പോൾ അദ്ദേഹം മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറിയിരിക്കുകയാണ്. ഏത് വേഷവും ചെയ്യാൻ കഴിയുന്ന ധാരാളം ആർട്ടിസ്റ്റുകൾ മലയാളത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിലെ പല അഭിനേതാക്കളും ക്യാരക്ടർ റോൾ ചെയ്യുമ്പോൾ അതിനെ വേറെ തലത്തിലേക്ക് എത്തിക്കാറുണ്ടെന്നും പ്രകാശ് രാജ് പറയുന്നു. പലരും ഈ അടുത്തായിരിക്കും മലയാള സിനിമകൾ കണ്ടു തുടങ്ങിയിട്ടുണ്ടാവുക. എന്നാൽ, താൻ പണ്ട് മുതലേ മലയാള സിനിമകൾ ശ്രദ്ധിക്കാറുണ്ടെന്നും അതിലെല്ലാം നമ്മളെ ഞെട്ടിക്കുന്ന പല ആർട്ടിസ്റ്റുകളുണ്ടെന്നും നടൻ പറഞ്ഞു.
സൗബിന്റെ കാര്യം പറയുകയാണെങ്കിൽ ആദ്യകാലം മുതൽ തന്നെ അദ്ദേഹം തിരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണെന്നും പ്രകാശ് രാജ് പറയുന്നു. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന തീവത്ര എടുത്തു പറയേണ്ടതാണ്. ഇപ്പോൾ, ‘മോണിക്ക’ എന്ന പാട്ടിലെ അദ്ദേഹത്തിന്റെ ഡാൻസ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ. എന്നാൽ ആ പടത്തിൽ അദ്ദേഹം ആ കഥാപാത്രത്തിന് കൊടുത്ത ആഴം അപാരമാണ്. താൻ അദ്ദേഹത്തിന്റെ ഫാനായി മാറിയെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.