Rajesh Keshav Health Updates: ‘രാജേഷ് കണ്ണു തുറന്നു, എങ്കിലും…; അത് കേൾക്കുമ്പോഴാണ് കൂടുതൽ റെസ്‌പോൺസ് ഉണ്ടാവുന്നത്’
Rajesh Keshav Health Updates: രാജേഷ് കണ്ണ് തുറന്നുവെങ്കിലും ഫോക്കസ് കുറച്ചു കൂടി വ്യക്തമാകേണ്ടതുണ്ടെന്നും കിടക്കയിൽ നിന്നു എഴുന്നേറ്റ്, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ച് ചലച്ചിത്ര പ്രവർത്തകനും സുഹൃത്തുമായ പ്രതാപ് ജയലക്ഷ്‌മി. രാജേഷ് കിടക്കയിലായിട്ട് അറുപത് ദിവസമായെന്നും ഒരു മാസമായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. രാജേഷ് കണ്ണ് തുറന്നുവെങ്കിലും ഫോക്കസ് കുറച്ചു കൂടി വ്യക്തമാകേണ്ടതുണ്ടെന്നും കിടക്കയിൽ നിന്നു എഴുന്നേറ്റ്, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി താൻ യാത്രയിൽ ആയിരുന്നുവെന്നും അതാണ് നടന്റെ ആരോഗ്യവിവരത്തെ കുറിച്ച് അപ്ഡേറ്റ് പങ്കുവയ്ക്കാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. രാജേഷ് കണ്ണു തുറന്നുവെന്നും എങ്കിലും ഫോക്കസ് കുറച്ചു കൂടി വ്യക്തം ആകേണ്ടതുണ്ട്. കേൾവിശക്തി ഉണ്ടെന്ന് വ്യക്തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. രാജേഷിന് ചികിത്സ സഹായം നൽകിയവർക്കും കേൾപ്പിക്കാൻ വോയിസ് നോട്ട്‌സ് അയക്കുന്നവരോടും ഒത്തിരി സ്നേഹവും നന്ദിയുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also Read:മൂന്ന് പേരെ ഇടിച്ചിട്ട ശേഷം കാർ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്, വാഹനം പിടിച്ചെടുത്തു
ചികിത്സാ കാലാവധി ആറ് മാസം വരെ നീണ്ടേക്കാം.രാജേഷ് അഭിനയിച്ച ‘ഇന്നസെന്റ്’ സിനിമയുടെ റീലീസ് ഡേറ്റും, ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ‘വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ റിലീസ് വാർത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങൾ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേൾക്കുമ്പോഴാണ് കൂടുതൽ റെസ്‌പോൺസ് ഉണ്ടാവുന്നതെന്നും ആ ചലനങ്ങൾ ഏറെ പ്രതീക്ഷ പകരുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ രാജേഷ് കുഴഞ്ഞുവീണത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.