Rapper Vedan: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍ അറസ്റ്റില്‍
Rapper Vedan Arrested: തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കാക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കാക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വേടന് കസ്റ്റഡിയിൽ കഴിയേണ്ടി വരില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കും.
ഇന്നലെ അഞ്ച് മണിക്കൂറിലേറെ നേരം തൃക്കാക്കര പോലീസ് വേടനെ ചോദ്യം ചെയ്തിരുന്നു. കേസുകൾ തീർന്നതിന് ശേഷം തനിക്ക് ചിലത് പറയാനുണ്ട് എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയുടെ പരിഗണനയിൽ ഉള്ള കേസായതുകൊണ്ട് തനിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നും, കേസുകൾ പൂർണമായും തീർന്നതിന് ശേഷം തന്റെ ഭാഗം പറയാമെന്നുമാണ് വേടൻ പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈ 30നായിരുന്നു, വിവാഹവാഗ്ദാനം നൽകി വേടൻ അഞ്ചു തവണ പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടര്‍ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റം ചുമത്തി വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുക്കുകയും ചെയ്‌തു. പിന്നാലെ ഒളിവിൽ പോയ വേടനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ, മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിച്ച ശേഷം ഹൈക്കോടതി നിർദേശപ്രകാരമാണ് വേടൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാൽ, തനിക്ക് എതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് വേടന്റെ വാദം.