Rapper Vedan: റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; പത്ത് മണിയോടെ തൃക്കാക്കര സ്റ്റേഷനിലെത്തും
Rapper Vedan Expected to Appear for Questioning: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ, സംഗീത ഗവേഷകയായ ഒരു യുവതിയും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വേടനെതിരെ പീഡന പരാതി നൽകിയിരുന്നു.

റാപ്പർ വേടൻ
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് (സെപ്റ്റംബർ) ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ പത്ത് മണിയോടെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തുമെന്നാണ് സൂചന. ഹൈക്കോടതി നിർദേശ പ്രകാരമാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നിൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശം.
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ, സംഗീത ഗവേഷകയായ ഒരു യുവതിയും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വേടനെതിരെ പീഡന പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു. ഈ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആണ്.
കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോയിരുന്നു. തുടർന്ന്, മുൻകൂർ ജാമ്യാപേക്ഷ ലഭിച്ചതിന് ശേഷം ഇന്നലെയാണ് ആദ്യമായി വേടൻ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്കിടെ പീഡന വിവാദങ്ങളിൽ നടൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരുപാടു ആളുകൾ വിചാരിക്കുന്നത് പോലെ താൻ ഒളിവിൽ പോയിട്ടില്ലെന്നും ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ലെന്നുമാണ് വേടൻ പറഞ്ഞത്.
ALSO READ: ‘ആളുകൾ വിചാരിക്കുന്നത് ഞാൻ എവിടെയോ പോയെന്നാണ്’; താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ
തന്റെ ഈ ജീവിതം ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടൻറെ പ്രതികരണം. ബലാത്സംഗ കേസിൽ വേടന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.