പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
Saji Nanthyattu on the Organized Attack Against Prithviraj: 'ഖലീഫ', 'ഐ നോബഡി' തുടങ്ങിയവ മികച്ച ചിത്രങ്ങളായിരുന്നിട്ടും അവയെ മനപ്പൂർവ്വം പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. ചില ആളുകൾ കൃത്യമായ ലക്ഷ്യത്തോടെ റിവ്യൂവർമാരെ ഇളക്കിവിട്ടാണ് ഇത്തരം ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത്. ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ് ഈ ആക്രമണങ്ങൾ പ്രധാനമായും നടക്കുന്നത്

സജി നന്ത്യാട്ട്, പൃഥ്വിരാജ്
മലയാള സിനിമയിൽ നടൻ പൃഥ്വിരാജിനെതിരെ ഒരു പ്രത്യേക സംഘം ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്നും, അദ്ദേഹത്തിൻ്റെ പുതിയ ചിത്രങ്ങൾക്കെതിരെയുള്ള ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ ഇവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളായ ‘ഖലീഫ’, ‘ഐ നോബഡി’ എന്നിവയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ഡീഗ്രേഡിങ് നടന്നിരുന്നു. ഇതിന് പിന്നിൽ ചില വ്യക്തികളുടെ കൃത്യമായ സംഘം പ്രവർത്തിക്കുന്നുണ്ട് എന്ന് ‘ദ് മോജോ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി
റിവ്യൂവർമാരെ ഇളക്കിവിടുന്ന സംഘം
പൃഥ്വിരാജിനെ ലക്ഷ്യം വച്ചുകൊണ്ട് ഒരു ലോബി സിനിമയിൽ സജീവമാണെന്നാണ് സജി നന്ത്യാട്ട് ആരോപിക്കുന്നത്. ‘ഖലീഫ’, ‘ഐ നോബഡി’ തുടങ്ങിയവ മികച്ച ചിത്രങ്ങളായിരുന്നിട്ടും അവയെ മനപ്പൂർവ്വം പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. ചില ആളുകൾ കൃത്യമായ ലക്ഷ്യത്തോടെ റിവ്യൂവർമാരെ ഇളക്കിവിട്ടാണ് ഇത്തരം ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത്. ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ് ഈ ആക്രമണങ്ങൾ പ്രധാനമായും നടക്കുന്നത്. ഇത് താരങ്ങളെക്കാൾ കൂടുതൽ ബാധിക്കുന്നത് കോടിക്കണക്കിന് രൂപ മുടക്കുന്ന നിർമ്മാതാക്കളെയാണെന്നും, വലിയ ബജറ്റിലൊരുങ്ങിയ ‘ഖലീഫ’യെ തകർക്കാൻ ശ്രമിച്ചതിലൂടെ നഷ്ടം സംഭവിച്ചത് നിർമ്മാതാവിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം വിലകുറഞ്ഞ ശ്രമങ്ങളിലൂടെ പൃഥ്വിരാജ് എന്ന വലിയ കലാകാരനെ ഒരിക്കലും ഒതുക്കാൻ കഴിയില്ലെന്ന് സജി നന്ത്യാട്ട് ഉറപ്പിച്ചു പറയുന്നു. അഭിനയത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അസാമാന്യ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് നേരെയുള്ള ഈ സംഘടിത ആക്രമണങ്ങൾ പ്രേക്ഷകർ വൈകാതെ തിരിച്ചറിയുമെന്നും ഈ ഗൂഢാലോചനകൾക്ക് അധികകാലം ആയുസ്സുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
പൃഥ്വിരാജ് തൻ്റെ സിനിമയിൽ അഭിനയിച്ചതുകൊണ്ടല്ല ഈ പിന്തുണ നൽകുന്നതെന്ന് വ്യക്തമാക്കിയ സജി നന്ത്യാട്ട്, അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇല്ലാത്ത സ്നേഹം പ്രകടിപ്പിച്ച് ആരെയും സുഖിപ്പിച്ച് നിർത്തുന്ന പ്രകൃതമല്ല പൃഥ്വിരാജിൻ്റേത്. ‘കലണ്ടർ’ സിനിമയുടെ മുണ്ടക്കയത്തെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. മഴ കാരണം ഷൂട്ടിംഗ് തടസ്സപ്പെട്ടപ്പോൾ അണിയറപ്രവർത്തകർ ഒരു വീട്ടിലാണ് കയറിയിരുന്നത്. അവിടെ പൃഥ്വിരാജിനെ കാണാൻ നിരവധി പേരെത്തിയിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രായമുള്ള സ്ത്രീ, പണ്ട് സുകുമാരൻ എസ്റ്റേറ്റിൽ ഷൂട്ടിംഗിന് വന്നപ്പോൾ താൻ ഇഷ്ടഭക്ഷണം ഉണ്ടാക്കിക്കൊടുത്തിരുന്നു എന്ന കാര്യം പറഞ്ഞു. പിന്നാലെ ആരുമറിയാതെ അവർക്ക് 10,000 രൂപ നൽകാൻ പൃഥ്വിരാജ് നിർദ്ദേശിച്ചു. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന് നിർബന്ധമുള്ള ജെൻ്റിൽമാനാണ് അദ്ദേഹമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
English Summary
Producer Saji Nanthyattu revealed that a secret lobby is using reviewers and fake IDs to intentionally review-bomb and sabotage actor Prithviraj’s recent films like Khalifa and I Nobody.