Salim Kumar: ‘ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു; അമൃതാനന്ദമയിയുടെ അടുത്ത് ചെന്നു; ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു’
Salim Kumar About Mata Amritanandamayi: മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ അമ്മ എവിടെയാണെങ്കിലും താൻ കാണാൻ ചെല്ലുമെന്നും തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കുമെന്നും നടൻ പറഞ്ഞു.

Salim Kumar
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സലിം കുമാർ. മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. ഇന്നും താരത്തിന്റെ കഥാപാത്രങ്ങളും ഡയലോഗുകളും മലയാളികൾ ഓർത്തുവെയ്ക്കുന്നുണ്ട്. എന്നാൽ ഒരു കാലത്ത് അഭിനയ രംഗത്ത് നടൻ അത്ര സജീവമായിരുന്നില്ല. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സ തേടിയതിനെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയെ കുറിച്ച് സലീം കുമാർ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മരണംവരെ അമൃതാനന്ദമയിയുടെ മകനായിരിക്കുമെന്നാണ് സലീം കുമാർ പറയുന്നത്. താൻ ഇപ്പോഴും ഇങ്ങനെ നിൽക്കാൻ കാരണം അമൃതാനന്ദമയിയാണെന്നും തനിക്ക് പ്രയാസങ്ങൾ വരുമ്പോഴെല്ലാം അമ്മയെ കാണാൻ ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ വളരെ സന്തോഷത്തിലാണെന്നാണ് നടൻ പറയുന്നത്. ഓരോ തവണയും തന്റെ ഡീസൽ തീരുമ്പോഴാണ് അമ്മയെ കാണാൻ വരുന്നതെന്നും ഇവിടെയെത്തി അമ്മയെ കണ്ട് ഡീസലടിച്ചിട്ട് പോകുമെന്നും സലീം കുമാർ പറയുന്നു. മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ അമ്മ എവിടെയാണെങ്കിലും താൻ കാണാൻ ചെല്ലുമെന്നും തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കുമെന്നും നടൻ പറഞ്ഞു.
Also Read: 22 വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവ്! മോഹൻലാൽ നായിക വീണ്ടും സിനിമയിലേക്ക്
ഈ നിൽക്കുന്ന സലിംകുമാർ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാൻ ഒരേയൊരു കാരണക്കാരിയേയുള്ളൂ. അത് അമ്മയാണ്. കാരണം , മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് മാരക രോഗത്തിന് അടിമയായപ്പോൾ താൻ തന്റെ ജീവിതത്തിൽ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു.അപ്പോൾ അമ്മയെ ചെന്ന് കാണാൻ ഡോക്ടർമാർ പറഞ്ഞുവെന്നും എന്നാൽ അന്ന് താൻ അമ്മയുമായി അത്ര ബന്ധമില്ലെന്നുമാണ് സലീം കുമാർ പറയുന്നത്. എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് അവർ ചെന്ന് കാണാൻ പറഞ്ഞത്. എന്നാൽ ഇതുവരെ കാണാത്ത ഒരാളോട് എങ്ങനെയാണ് സഹായം ചോദിക്കുക എന്ന് വിചാരിച്ച് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നിയെന്നും പക്ഷേ അമ്മയെ ഒന്ന് കാണാമെന്ന് കരുതി.
താൻ ചെന്നപ്പോൾ എന്താ മോനെ വന്നതെന്ന് അമ്മ ചോദിച്ചു. അന്ന് തനിക്ക് 45 വയസേയുള്ളൂവെന്നും എന്നാൽ രജിസ്റ്ററിൽ 59 വയസെന്നാണ് എഴുതിയിരിക്കുന്നതെന്നും താൻ അമ്മയോട് പറഞ്ഞുവെന്നും ഇത് കേട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ അമ്മ ചിരിച്ചുവെന്നും താരം പറഞ്ഞു. പിന്നാലെ ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ മകനേ എന്ന് അമ്മ പറഞ്ഞു. ഇരുട്ടിൽ നിന്നിരുന്ന തന്നെയും തന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മയാണെന്നും ജീവിതം മുഴുവൻ താൻ അമ്മയോട് കടപ്പെട്ടിരിക്കുന്നുവെന്നും തന്റെ മരണം വരെ അമ്മയുടെ ഒരു മകനായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും സലിം കുമാർ പറഞ്ഞു.