Sandra Thomas: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ് അഭിമുഖത്തിൽ
Sandra Thomas on Producers Association President: നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുജോലി ചെയ്യുന്നയാളാണെന്നും, അതുകൊണ്ട് തന്നെ അത്തരമൊരു നിലപാട് സ്വീകരിക്കാനെ അദ്ദേത്തിന് സാധിക്കൂവെന്നും സാന്ദ്ര പരിഹസിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്ന ആളാണെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. പ്രൊഡ്യൂസർ അസോസിയേഷൻ ഇപ്പോൾ താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവർത്തിക്കുന്നതെന്നും, നിർമ്മാതാക്കളെല്ലാം താരങ്ങളുടെ മുന്നിൽ പോയി സാഷ്ടാംഗം പ്രണമിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. വൺ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവർ.
നിലവിലെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫാണ്. അദ്ദേഹത്തിലേക്കാണ് സാന്ദ്രയുടെ വെളിപ്പെടുത്തലുകൾ നീളുന്നത്. നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുജോലി ചെയ്യുന്നയാളാണെന്നും, അതുകൊണ്ട് തന്നെ അത്തരമൊരു നിലപാട് സ്വീകരിക്കാനെ അദ്ദേത്തിന് സാധിക്കൂവെന്നും സാന്ദ്ര പരിഹസിച്ചു. നാമനിർദേശ പത്രിക തള്ളിയില്ലായിരുന്നുവെങ്കിൽ തനിക്ക് അസോസിയേഷന്റെ തലപ്പത്ത് എത്താൻ കഴിയുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്നും, അത് ഉറപ്പുള്ളത് കൊണ്ടാണ് അവർ പത്രിക തള്ളാൻ ശ്രമിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
ഇന്ന് പ്രൊഡ്യൂസർ അസോസിയേഷൻ താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവർത്തിക്കുന്നത്. അതിനുള്ള കാരണം ഇവരെല്ലാവരും താരങ്ങളുടെ മുന്നിൽ പോയി സാഷ്ടാംഗം പ്രണമിക്കുന്നതാണെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഒരു താരത്തിന്റെ വാഹനത്തിന്റെ ഡോർ തുറന്ന് കൊടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നിൽക്കുന്നയാളാണെന്നും സാന്ദ്ര ആരോപിച്ചു. അങ്ങനെയെങ്കിൽ തങ്ങളെ പോലുള്ള നിർമ്മാതാക്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ കൂടെ വർക്ക് ചെയ്തവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങൾ തങ്ങൾക്ക് ചെയ്യാൻ പറ്റാത്തതാണ് സാന്ദ്ര ചെയ്തത് എന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നുവെന്നും ഇതിൽ കൂടുതലും പുരുഷന്മാരാണെന്നും സാന്ദ്ര പറയുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നതായും സാന്ദ്ര വെളിപ്പെടുത്തി. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റിന് അങ്ങനെ ഒരു നിലപാടല്ല സ്വീകരിക്കാൻ കഴിയൂ. തന്റെ അവസ്ഥ മനസിലാക്കണമെന്നാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.