Director Sathyan Anthikad: ‘മോഹൻലാലിനെ നായകനാക്കി ഞാനും ശ്രീനിയും ഒരു സിനിമ ആലോചിച്ചിരുന്നു, ഇനി നടക്കില്ല’; സത്യൻ അന്തിക്കാട്
ഇനിയത് നടക്കില്ലെന്നും ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം നടന്ന അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sreenivasan
മോഹൻലാലിനെ നായകനാക്കി ‘സന്ദേശം’ പോലെയൊരു സിനിമ താനും ശ്രീനിവാസനും ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഇനിയത് നടക്കില്ലെന്നും ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം നടന്ന അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശം പോലെ ഒരു സിനിമ ചെയ്യണമെന്ന് പലരും പറയാറുണ്ടായിരുന്നുവെന്നും താനും ശ്രീനിയും അതിനെപറ്റി ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിഷ്‌കളങ്കനായ ഒരാൾ ഇന്നത്തെ രാഷ്ട്രീയത്തെ കാണുന്ന രീതി സിനിമയാക്കണം എന്ന് തങ്ങൾ രണ്ടുപേരും ആലോചിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കിയാണ് ആലോചിച്ചതെന്നും എന്നാൽ ഇനിയത് നടക്കില്ലെന്ന് ഉറപ്പാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
‘ശ്രീനിവാസൻ നടനായിപ്പോയതുകൊണ്ട്, എഴുത്തുക്കാരൻ എന്ന വിധത്തിൽ നമ്മൾ ആഘോഷിച്ചിട്ടില്ല. മികച്ച തിരക്കഥകൃത്തുക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തുന്നുവെന്ന് മാത്രമേയുള്ളൂ. എന്നാൽ ശ്രീനിവാസൻ ഒരു എഴുത്തുക്കാരൻ ത്രമായിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ തിരക്കഥകൾ ചർച്ച ചെയ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരാൾ വേർപിരിയുമ്പോഴാണ് നമ്മൾ അയാളുടെ പ്രസക്തി തിരിച്ചറിയുന്നത്. ശ്രീനിവാസനെ നമ്മൾ കൂടുതൽ വായിക്കാനും തിരിച്ചറിയാനും പോകുന്നേയുള്ളൂ. ശ്രീനിവാസനോളം പ്രതിഭ തെളിയിച്ച മറ്റൊരാളെ താൻ മലയാള സിനിമയിൽ കണ്ടുമുട്ടിയില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അസുഖബാധിതനെങ്കിലും ശ്രീനി ദൂരെയുണ്ടെന്ന വിശ്വാസവും ധൈര്യവും ഉണ്ടായിരുന്നുവെന്നും എന്നാൽ ആ ധൈര്യം ഇന്നത്തോടെ നഷ്ടമായെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.