Actor Sreenivasan Demise: വെള്ള കടലാസും പേനയും ആവശ്യപ്പെട്ടത് ധ്യാൻ; ആ വരികൾ ശ്രീനി തന്ന പാഠം; സത്യൻ അന്തിക്കാട്
Actor Sreenivasan Demise: തകർന്നു നിൽക്കുകയായിരുന്ന താൻ എന്താണ് എഴുതുക എന്ന് ആലോചിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു തന്ന ആ പാഠമാണ് ഓർമ്മ വന്നത്...
തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ അവസാന യാത്ര കണ്ടുനിൽക്കുന്നവരുടെ കണ്ണുകൾ ഈറൻ അണിയിക്കുന്നതായിരുന്നു. ചുറ്റും കൂടി നിന്ന് ആർക്കും തന്നെ ശ്രീനിവാസനെ വിട്ടുകൊടുക്കാൻ പറ്റില്ല എന്ന മനസ്സ്. കാഴ്ച്ചക്കാരുടെ മനസ്സുലയ്ക്കുന്ന രംഗമായിരുന്നു ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾക്കിടെ അദ്ദേഹത്തിന്റെ ചിതയിലേക്ക് ഒരു പേനയും പേപ്പറും വയ്ക്കുന്ന സത്യൻ അന്തിക്കാട്.
എന്നാൽ അച്ഛന്റെ ചിതയിലേക്ക് തീ പകരുന്നതിനു മുൻപേ ധ്യാൻ ശ്രീനിവാസന്റെ ആവശ്യമായിരുന്നു ഒരു വെള്ളക്കടലാസും പേനയും വേണം എന്നുള്ളത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. പേപ്പറും പേനയും വന്നപ്പോൾ ധ്യാൻ തൊട്ടടുത്ത് ഒരു നിൽക്കുന്ന തന്നോട് സത്യൻ അങ്കിൾ ഇതിൽ എന്തെങ്കിലും എഴുതണമെന്ന് ആവശ്യപ്പെട്ടു. തകർന്നു നിൽക്കുകയായിരുന്ന താൻ എന്താണ് എഴുതുക എന്ന് ആലോചിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു തന്ന ആ പാഠമാണ് ഓർമ്മ വന്നത്.
തിരക്കഥ എഴുതാനിരിക്കുമ്പോൾ ശ്രീനി പഠിപ്പിച്ച ഒരു പാഠമുണ്ട്. നമുക്ക് വേണ്ടിയല്ല സംഭാഷണങ്ങൾ എഴുതുന്നത് കഥാപാത്രങ്ങൾക്ക് വേണ്ടിയാണ്. ഇവിടെ ശ്രീനിയാണ് കഥാപാത്രം. ശ്രീനിയാണ് യാത്ര പോകുന്നത്. ഭൂമിയിലെ അന്ത്യ നിമിഷത്തിൽ എല്ലാവർക്കും നന്മ നേടുകയല്ലാതെ നമുക്കെല്ലാവർക്കും മറ്റ് എന്താണ് പറയാനുണ്ടാവുക. ഇങ്ങനെ തന്നെയാവും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം സന്ദർഭം അറിയാതെ ശ്രീനി ഇന്നേവരെ ഒരു വരി പോലും എഴുതിയിട്ടില്ല.
സത്യൻ അന്തിക്കാട് പറഞ്ഞു. ചിതയ്ക്ക് തീ കൊളുത്തുന്നതിനു മുൻപായി സത്യൻ അന്തിക്കാട് ഒരു പേപ്പറും പേനയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് സമർപ്പിച്ചിരുന്നു. അതിൽ എന്നും എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്നായിരുന്നു കുറിച്ചത്. ശ്രീനിവാസൻ യാത്ര പോകുമ്പോൾ എല്ലാവരോടും ഇങ്ങനെ മാത്രമേ പറയൂ.
ശനിയാഴ്ചയായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസ് ചെയ്യുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു ശ്വാസതടസം നേരിട്ടത്. തുടർന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാവിലെ 11:30 യോടെയാണ് അദ്ദേഹത്തിന്റെ സംസ്കാരം കഴിഞ്ഞത്.