Mammootty- Shabana Azmi: മമ്മൂട്ടിയോട് വലിയ ബഹുമാനം; പൗരുഷാടയാളങ്ങളുള്ള നായകനെ വെല്ലുവിളിക്കുന്ന റോളായിരുന്നു അത്: ഷബാന ആസ്മി
Shabana Azmi About Mammootty: മമ്മൂട്ടിയോട് തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. കാതൽ ദി കോർ എന്ന സിനിമയിലെ റോൾ പൗരുഷാടയാളങ്ങളുള്ള നായകനെ വെല്ലുവിളിക്കുന്നതായിരുന്നു എന്ന് അവർ പറഞ്ഞു.

മമ്മൂട്ടിയെ പുകഴ്ത്തി ഇതിഹാസ നടി ഷബാന ആസ്മി. കാതൽ ദി കോർ എന്ന സിനിമയിൽ അഭിനയിച്ച് ആ സിനിമ നിർമ്മിക്കുക എന്നത് വലിയ കാര്യമാണെന്ന് ഷബാന ആസ്മി പറഞ്ഞു. പൗരുഷാടയാളങ്ങളുള്ള നായകനെ വെല്ലുവിളിക്കുന്ന റോളായിരുന്നു അത് എന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണ് ഉള്ളതെന്നും ട്വൻ്റിഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷബാന ആസ്മി പ്രതികരിച്ചു.
“മലയാള സിനിമയെ നോക്കൂ. മമ്മൂട്ടിയെ നോക്കൂ. മമ്മൂട്ടി ഒരു വലിയ നടനാണ്. ഒരു നടൻ എന്നതുപോലെ അദ്ദേഹം ഒരു വലിയ താരമാണ്. ജ്യോതികയുമൊത്ത് അദ്ദേഹം അഭിനയിച്ച സിനിമ, അത് നിർമ്മിച്ചതും അദ്ദേഹമാണ്. പൗരുഷാടയാളങ്ങളുള്ള ഒരു നായകൻ എന്നതിനെ വെല്ലുവിളിക്കുന്നതായിരുന്നു അത്. ഞാൻ അതിശയിച്ചുപോയി. അദ്ദേഹത്തോട് വലിയ ബഹുമാനം മാത്രം. ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചില്ല, ജ്യോതികയോട് സംസാരിച്ചു. അവർ സൂര്യയ്ക്കൊപ്പം ഒരു സ്ക്രീനിങ് ശരിപ്പെടുത്തിയിരുന്നു. എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അത്തരം ഒരു വേഷം ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല. അത് ആരും ചെയ്യില്ല. ആ സിനിമ അദ്ദേഹം നിർമ്മിച്ചു. അസാധ്യം. ആ വേഷം ചെയ്യാൻ എളുപ്പമല്ല. വളരെ ബോധ്യത്തോടെ വേണം അങ്ങനെയൊരു തീരുമാനമെടുക്കാൻ.”- ഷബാന ആസ്മി 24നോട് പ്രതികരിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷബാന ആസ്മി. പദ്മ ഭൂഷൺ, പദ്മശ്രീ, അഞ്ച് ദേശീയ പുരസ്കാരങ്ങൾ തുടങ്ങി വിവിധ അവാർഡുകൾ നേടിയിട്ടുള്ള അവർ 1974ൽ അങ്കൂർ എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. ആ സിനിമയിൽ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 2023ൽ പുറത്തിറങ്ങിയ ഘൂമർ ആണ് അവസാന സിനിമ.




മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് കാതൽ ദി കോർ. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരാണ് കാതലിൻ്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് സിനിമ നിർമ്മിച്ചത്. സാലു കെ തോമസാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിങ് നിർവഹിച്ചപ്പോൾ മാത്യു പുളിക്കനാണ് സംഗീതസംവിധാനം നിർവഹിച്ചത്. 2023 നവംബർ 23ന് തീയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മികച്ച സിനിമ, കഥ, സംഗീതസംവിധാനം, പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് സിനിമ നേടിയത്.