Shruti Haasan: ‘തെന്നിന്ത്യൻ താരങ്ങൾ വിനയത്തോടെ പെരുമാറുന്നതിന് കാരണം ഭയം’; വിജയ്, പ്രഭാസ് എന്നിവരെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞത്
Shruti Haasan Claims South Stars Act Humble Out of Fear: പലരും പുറമെ എളിമയുള്ളവരായി തോന്നുമെങ്കിലും പലപ്പോഴും അവരുടെ യഥാർത്ഥ വ്യക്തിത്വം അങ്ങനെ ആയിരിക്കില്ലെന്നും ശ്രുതി പറയുന്നു. പ്രശസ്തി നഷ്ടപ്പെടുമോ എന്ന ഭയമാണ് അവരെ അങ്ങനെ പെരുമാറാൻ നിർബന്ധിതരാക്കുന്നതെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ താരങ്ങൾ പൊതുയിടങ്ങളിൽ വിനയത്തോടെ പെരുമാറുന്നത് ഭയം കാരണമാണെന്ന് നടി ശ്രുതി ഹാസൻ. പലരും പുറമെ എളിമയുള്ളവരായി തോന്നുമെങ്കിലും പലപ്പോഴും അവരുടെ യഥാർത്ഥ വ്യക്തിത്വം അങ്ങനെ ആയിരിക്കില്ലെന്നും ശ്രുതി പറയുന്നു. പ്രശസ്തി നഷ്ടപ്പെടുമോ എന്ന ഭയമാണ് അവരെ അങ്ങനെ പെരുമാറാൻ നിർബന്ധിതരാക്കുന്നതെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു. രൺവീർ അല്ലഹബാദിയയുടെ പോഡ്‌കാസ്റ്റിലായിരുന്നു താരം മനസുതുറന്നത്.
പൊതുയിടങ്ങളിൽ വിനയത്തോടെ പെരുമാറിയില്ലെങ്കിൽ വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ പ്രശസ്തിയും വിജയവുമെല്ലാം ഇല്ലാതാകുമെന്ന് താരങ്ങൾ വിശ്വസിക്കുന്നതായി ശ്രുതി പറയുന്നു. അവരുടെ അടിസ്ഥാനപരമായ പെരുമാറ്റം ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പാണെന്നും നടി പറഞ്ഞു. തെന്നിന്ത്യൻ താരങ്ങൾക്ക് കലയോട് ഏറെ ആദരവുണ്ടെന്നും നടി കൂട്ടിച്ചേർത്തു. നിരവധി പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച ശ്രുതി ആ അനുഭവങ്ങളും പങ്കുവെച്ചു.
പവൻ കല്യാണും വിജയും വളരെ നിശബ്ദരായ വ്യക്തികളാണ്, മാന്യന്മാരാണ്. എന്നാൽ, പ്രഭാസ് അങ്ങനെയല്ല. അദ്ദേഹം വളരെ രസകരമായ വ്യക്തിത്വത്തിന് ഉടമയാണെന്നും, അദ്ദേഹത്തിന് ലഭിച്ച വിജയത്തിൽ എന്നും നന്ദിയുള്ളവനാണെന്നും ശ്രുതി പറഞ്ഞു. രജനീകാന്തിനെ കുറിച്ച് പറയുകയാണെങ്കിൽ സെറ്റിലെ അദ്ദേഹത്തിന്റെ വൈബിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. നല്ല സ്വഭാവത്തിന് ഉടമയും, പെട്ടെന്ന് അടുക്കാൻ കഴിയുന്നതുമായ ഒരു വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേതെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം, നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും തന്റെ കരിയറിൽ വഴിത്തിരിവായത് തെലുങ്ക് സിനിമകളാണെന്നും ശ്രുതി പറയുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും തെലുങ്ക് സിനിമാ മേഖല തന്നെയാണെന്ന് താരം കൂട്ടിച്ചേർത്തു. കുട്ടികാലത്ത് ഒരു അവാർഡ് ഷോയ്ക്കായി അച്ഛന് വേണ്ടി എഴുതിക്കൊടുത്ത ഒരു പ്രസംഗം താൻ അദ്ദേഹത്തിന് വായിച്ചുകേൾപ്പിച്ചിരുന്നു. അന്ന് മുതൽ സ്വയം ഒരു അവാർഡ് വാങ്ങുന്നത് സ്വപ്നം കണ്ടിരുന്നുവെന്നും അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും ശ്രുതി പറഞ്ഞു.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന സിനിമയിൽ ശ്രുതി ഹാസനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 14ന് ചിത്രം തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശിവകാർത്തികേയൻ, സത്യരാജ്, റെബ മോണിക്ക ജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കലാനിധി മാരൻ്റെ സൺ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം.