Vidya Balan: ‘മോഹൻലാലിനൊപ്പമുള്ള ആദ്യചിത്രം മുടങ്ങി, ‘രാശിയില്ലാത്തവൾ’ എന്ന് പറഞ്ഞ് വിലക്കി, ഒമ്പതോളം സിനിമകൾ നഷ്ടമായി’; വിദ്യ ബാലൻ
Vidya Balan on Chakram Movie: 'ചക്രം' സിനിമയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നാലെ ഒൻപതോളം ചിത്രങ്ങളിൽ തനിക്ക് വേഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ആ സിനിമ മുടങ്ങിയതോടെ ഒൻപത് അവസരങ്ങളും തനിക്ക് നഷ്ടമായെന്ന് വിദ്യ ബാലൻ പറയുന്നു.
മോഹൻലാലിനൊപ്പമുള്ള തൻ്റെ ആദ്യ ചിത്രം മുടങ്ങിയതോടെ ‘രാശിയില്ലാത്തവൾ’ എന്ന് മുദ്രകുത്തി സിനിമാ മേഖല തന്നെ മാറ്റിനിർത്തിയെന്ന് ബോളിവുഡ് താരം വിദ്യാബാലൻ. ആദ്യ ചിത്രം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ തനിക്ക് ഒമ്പതോളം സിനിമകൾ നഷ്ടമായെന്നും നടി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു പരസ്യചിത്രത്തിൻ്റെ ഷൂട്ടിനെത്തിയ സമയത്താണ് തന്നോട് മോഹൻലാൽ ചിത്രമായ ‘ചക്ര’ത്തിനുവേണ്ടി ഓഡിഷൻ ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് വിദ്യ ബാലൻ പറയുന്നു. മോഹൻലാൽ ആരാധക ആയിരുന്നത് കൊണ്ടുമാത്രം അമ്മ ഓഡിഷനിൽ പങ്കെടുക്കാൻ അനുവദിച്ചുവെന്നും ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും നടി പറഞ്ഞു. തുടർന്ന് 15 ദിവസത്തോളം ഷൂട്ട് ചെയ്തു. അത് കഴിഞ്ഞപ്പോൾ തന്നെ തിരികെ ബോംബെയിലേക്ക് അയച്ചുവെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
മോഹൻലാലിൻറെ ഡേറ്റ് സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടെന്നും തത്കാലം ഷൂട്ടിങ് നിർത്തിവെച്ച് ഒരുമാസത്തിന് ശേഷം പുനരാരംഭിക്കാം എന്നുമായിരുന്നു അവർ പറഞ്ഞത്. മോഹൻലാലും സംവിധായകനും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പല ദിവസങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നില്ല. സിനിമയിൽ ഇങ്ങനെയൊക്കെ ആയിരിക്കും കാര്യങ്ങൾ എന്ന് കരുതിയാണ് താൻ ബോംബെയിലേക്ക് മടങ്ങിയതെന്നും വിദ്യാ ബാലൻ പറഞ്ഞു.
‘ചക്രം’ സിനിമയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നാലെ ഒൻപതോളം ചിത്രങ്ങളിൽ തനിക്ക് വേഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ആ സിനിമ മുടങ്ങിയതോടെ ഒൻപത് അവസരങ്ങളും തനിക്ക് നഷ്ടമായി. മോഹൻലാലും ആ സംവിധായകനും ഒന്നിച്ചു ചെയ്‌തിരുന്നു എട്ട് സിനിമകളും ഹിറ്റായിരുന്നു. ‘ചക്രം’ ഒൻപതാമത്തെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രം മുടങ്ങാൻ കാരണം താനാകുമെന്ന് ആളുകൾ പറഞ്ഞു. താൻ ‘രാശിയില്ലാത്തവളാ’ണെന്ന് ആളുകൾ മുദ്രകുത്തിയെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
കമൽ സംവിധാനം ചെയ്യാനിരുന്ന ‘ചക്രം’ എന്ന സിനിമയിൽ മോഹൻലാലിനും വിദ്യാ ബാലനും പുറമേ ദിലീപിനെയും ഒരു പ്രധാന വേഷത്തിൽ നിശ്ചയിരുന്നു. ഇവരെ വച്ച് ഷൂട്ടിങ്ങും ആരംഭിച്ചതിന് പിന്നാലെയാണ് ചിത്രം മുടങ്ങിയത്. പാതി വഴിയിൽ മുടങ്ങിയ ചിത്രം പിന്നീട് ലോഹിതദാസ് ഏറ്റെടുത്തു. അങ്ങനെ 2003ൽ പൃഥ്വിരാജിനേയും മീര ജാസ്‌മിനേയും നായികാ നായകന്മാരായി സിനിമ പുറത്തിറങ്ങി.