Siah By Ahadishika: ആര്യ ബഡായ് വിൽക്കുന്നത് 9500 രൂപയ്ക്ക്; അതേ സാരി അഹാന വിൽക്കുന്നത് 14,999 രൂപയ്ക്ക്; വിവാദം
Siah By Ahadishika vs Kanchivaram: ആര്യ ബഡായുടെ കാഞ്ചീവരത്തിൽ വിൽക്കുന്ന അതേ സാരിക്ക് അഹാന കൃഷ്ണയും സഹോദരിമാരും ഈടാക്കുന്നത് കൂടുതൽ വിലയെന്ന് ആരോപണം. 9500 രൂപയുടെ സാരിക്ക് 15000 രൂപ ഈടാക്കുന്നു എന്നാണ് ആരോപണം.
അടുത്തിടെയാണ് നടി അഹാന കൃഷ്ണയും അമ്മയും സഹോദരിമാരും ചേർന്ന് പുതിയ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. സിയ ബൈ അഹാദിഷിക എന്നാണ് ഈ ബ്രാൻഡിൻ്റെ പേര്. അഹാന, സഹോദരിമാരായ ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർ ചേർന്ന് ആരംഭിച്ച ബ്രാൻഡിന് വെബ്സൈറ്റുമുണ്ട്. സൈറ്റിലെ സാരികൾക്ക് ഉയർന്ന വിലയാണെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. അതിനെ ശക്തിപ്പെടുത്തുന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ആര്യ ബഡായുടെ കാഞ്ചീവരം എന്ന ബൊട്ടീക്കിൽ 9500 രൂപയ്ക്ക് വിൽക്കുന്ന സാരി സിയ ബൈ അഹാദിഷിക സൈറ്റിൽ 14,999 രൂപയ്ക്കാണ് വിൽക്കുന്നത് എന്നാണ് ആരോപണം. രണ്ട് സാരികളുടെ മെറ്റീരിയലും നിറവും പാറ്റേണുമെല്ലാം ഒരുപോലെയാണ്. എങ്കിലും കാഞ്ചീവരത്തിൽ വിൽക്കുന്നതിനെക്കാൾ 5500 രൂപ അധികവിലയിലാണ് ഈ സാരി അഹാനയും കുടുംബവും വിൽക്കുന്നതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പലരും ഈ ചോദ്യം ചോദിക്കുന്നുണ്ട്. ഇവരെ അഹാന ബ്ലോക്ക് ചെയ്തു എന്നും വിമർശനങ്ങളുയരുന്നുണ്ട്.
Also Read: Karikku Movie: ‘ഇനി അവർ ബിഗ് സ്ക്രീനിലേക്ക്’ ! ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം
സഫയർ ഹേസ് എന്ന പേരിലാണ് സിയ ബൈ അഹാദിഷികയിൽ ഈ സാരി വിൽക്കുന്നത്. സാരിയെപ്പറ്റി വിശദമായ കുറിപ്പും സൈറ്റിലുണ്ട്. ഈ സാരിക്ക് 14,999 രൂപയാണ് വില. ഇപ്പോൾ സാരി ഔട്ട് ഓഫ് സ്റ്റോക്കാണ്. ഇതേ സാരി തന്നെ ആര്യ ബഡായ് തൻ്റെ കാഞ്ചീവരത്തിലൂടെ പരിചയപ്പെടുത്തുന്നത് 9500 രൂപയ്ക്കാണ്. ആര്യയുടെ കാഞ്ചീവരത്തിൽ ഈ സാരി നേരത്തേയുണ്ട്. അഹാന കുടുംബത്തിൻ്റെ സൈറ്റിൽ ഈയിടെയാണ് കളക്ഷനെത്തിയത്. ആര്യയുടെ പക്കൽ നിന്ന് സാരി വാങ്ങിയിട്ട് വിൽക്കുന്നതാണോ എന്ന് ആളുകൾ അഹാനയോട് ചോദിക്കുന്നുണ്ട്. ഇതിന് കൃത്യമായ മറുപടി നൽകാൻ അഹാനയും കുടുംബവും ഇതുവരെ തയ്യാറായിട്ടില്ല.