Priyadarshan-Lissy: ‘ആദ്യമായാണ് ഒന്നിച്ചു വരുന്നത്, അതും എന്റെ മകൻ പുതിയൊരു ജീവിതം തുടങ്ങിയ ദിവസം’; ലിസി–പ്രിയൻ ഒത്തുചേരലിൽ സിബി മലയിൽ
Priyadarshan and Lissy's Relationship: ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നിയെന്നാണ് സിബി മലയിൽ പറയുന്നത്. തന്റെ മകന്റെ വിവാഹം ഇങ്ങനെയൊരു നിമിഷത്തിന് നിമിത്തമായതിൽ സന്തോഷമെന്നാണ് സംവിധായകൻ പറഞ്ഞത്.

Priyadarshan Lissy
കഴിഞ്ഞ ദിവസം സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തിയ പ്രിയദർശന്റെയും ലിസിയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് ബലം നൽകുകയാണ്. ചടങ്ങിനെത്തിയ ഇരുവരെയും ചേർത്തു നിർത്തി കൊണ്ട് സിബി മലയിലിനോട് ലിസി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ‘ആദ്യത്തെ പബ്ലിക് അപ്പിയറൻസ് ആണ്’ എന്നാണ് ലിസി പറഞ്ഞത്.
ഇപ്പോഴിതാ ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നിയെന്നാണ് സിബി മലയിൽ പറയുന്നത്. തന്റെ മകന്റെ വിവാഹം ഇങ്ങനെയൊരു നിമിഷത്തിന് നിമിത്തമായതിൽ സന്തോഷമെന്നാണ് സംവിധായകൻ പറഞ്ഞത്. മനോരമ ഓൺലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഭാര്യയാണ് ലിസിയെ വിവാഹം വിളിച്ചത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പ്രിയനേയും വിളിച്ചുവെന്നും സംസാരിക്കുന്നതിനിടെയിൽ ലിസി വിവാഹത്തിന് വരുന്നുണ്ടെന്ന് പറഞ്ഞുവെന്നും സംവിധായകൻ പറഞ്ഞു.
അപ്പോൾ തങ്ങൾ ഒരുമിച്ച് വന്നോളാം എന്നാണ് പ്രിയൻ പറഞ്ഞത്. പറഞ്ഞതുപോലെ തന്നെ അവർ ഒരുമിച്ച് വന്നു. വേർപിരിഞ്ഞതിനുശേഷം ആദ്യമായാണ് ഒന്നിച്ചു വരുന്നത്. ശേഷം താൻ അവരെ ഒരുമിച്ച് നിർത്തി കൊണ്ട് രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് പറഞ്ഞുവെന്നും സിബി പറഞ്ഞു.
ലിസി തന്റെ ആദ്യ സിനിമയിലെ നായികയാണ്. താനും പ്രിയദർശനവും നവോദയയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. തങ്ങൾ മൂന്ന് പേരും തമ്മിൽ വല്ലാത്തൊരു സ്നേഹബന്ധമുണ്ട്. അടുപ്പമുണ്ട്. മുത്താരംകുന്നിൽ ലിസിയെ നായിക ആക്കാൻ കാരണം പ്രിയദർശനാണ്. തന്റെ മകളും കല്യാണിയും ഒന്നിച്ചാണ് പഠിച്ചത്. കുടുംബവുമായി തങ്ങൾ തമ്മിൽ നല്ല ബന്ധമാണ്.
അതുകൊണ്ട് തന്നെ വിവാബന്ധം വേർപ്പെടുത്തുമ്പോൾ അമ്മുവിനെയും ചന്തുവിനെയും ഇത് ബാധിക്കുമല്ലോ എന്ന സങ്കടം ഉണ്ടായിരുന്നു. രണ്ടുപേരും ഒന്നിച്ചു വന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം ആയെന്നും അതും തന്റെ മകൻ പുതിയൊരു ജീവിതം തുടങ്ങിയ ദിവസം ആയതിൽ ശരിക്കും സന്തോഷമെന്നും സിബി മലയിൽ പറഞ്ഞു.