KS Chithra: ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്; 10000 നിക്ഷേപിച്ചാൽ 50000 രൂപ, ഐഫോൺ, ഒടുവിൽ പേജ് പൂട്ടിച്ചു
Singer KS Chitra files complaint for Investment fraud: ചിത്രയുടെ പരാതിയിൽ, പോലീസ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ച് ഫേസ്ബുക്ക് പേജുകളും പൂട്ടിച്ചു.
ചെന്നൈ: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്‌ബുക്ക് പേജിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി ഗായിക കെ എസ് ചിത്ര. ചിത്രയുടെ പേര് ഉപയോഗിച്ച് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി, പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടു. ചിത്രയുടെ പരാതിയിൽ പോലീസ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ച് ഫേസ്ബുക്ക് പേജുകളും പൂട്ടിച്ചു.
തന്റെ പേര് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടും കഴിഞ്ഞ ദിവസം ചിത്ര പുറത്ത് വിട്ടിരുന്നു. ഇത് ശെരിക്കും ചിത്ര ചേച്ചിയാണോ എന്ന് ചോദിക്കുമ്പോൾ, അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കും, ഐഫോൺ ഉൾപ്പടെയുള്ള സമ്മാനങ്ങൾ കിട്ടും എന്നിങ്ങനെയെല്ലാമാണ് വ്യാജ അക്കൗണ്ടിലൂടെ തട്ടിപ്പുകാർ നടത്തിയ വ്യാജ വാഗ്ദാനങ്ങൾ.
ALSO READ: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതെന്ന് വാദം
തന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന്, സൈബർ ക്രൈം വിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ അഞ്ച് വ്യാജ ഫേസ്ബുക്ക് പേജുകൾ കണ്ടെത്തുകയും, അക്കൗണ്ടുകൾ അടച്ചു പൂട്ടുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെന്ന് മനസിലാക്കിയതോടെ ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം അക്കൗണ്ട് പിൻവലിച്ചു. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത വേണമെന്നും, ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസും അറിയിച്ചു.