Saji Nanthiyattu: ‘പൃഥ്വിരാജിൻ്റെ സിനിമയ്ക്ക് വേണ്ടി സ്ഥലം വിറ്റു, ചാക്കോച്ചൻ്റെ ചിത്രത്തിനായി വീടും’; നഷ്ടങ്ങൾ തുറന്നുപറഞ്ഞ് സജി സന്ത്യാട്ട്
Producer Saji Nanthyattu Opens Up About Massive Financial Losses from Prithviraj and Kunchacko Boban Films: അഞ്ച് കോടിയോളം രൂപ മുടക്കിയാണ് പുതിയ ചിത്രം ‘ഫാൻ്റം ഫൈവ്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ജെൻസി ഓഡിയൻസിനെ പ്രതീക്ഷിച്ചാണ് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നും ജെൻസി പ്രേക്ഷകരെ വിശ്വാസമാണെന്നും സജി നന്ത്യാട്ട് പറഞ്ഞു
സിനിമാ ജീവിതത്തിൽ താൻ നേരിട്ട വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നിർമ്മാതാവും ഡിസ്ട്രിബ്യുട്ടറുമായ സജി നന്ത്യാട്ട്. പൃഥ്വിരാജ് നായകനായ, ‘കലണ്ടർ’ എന്ന ചിത്രവും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ ‘ഫൈവ് ഫിംഗേഴ്സ്’ എന്ന ചിത്രവുമാണ് വലിയ നഷ്ടമുണ്ടാക്കിയത് എന്നും ‘മാസ്റ്റർ ബിൻ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് വ്യക്തമാക്കി. മകൻ്റെ സംവിധാനത്തിൽ താൻ നിർമ്മിക്കുന്ന ‘ഫാൻ്റം ഫൈവ്’ എന്ന സിനിമയിലാണ് ഇനി തൻ്റെ പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് നായകനായ കലണ്ടർ എന്ന സിനിമയുടെ പരാജയത്തെ തുടർന്ന് മുന്നോളം സ്ഥലങ്ങളിലെ ഭൂസ്വത്ത് തനിക്ക് നഷ്ടമായി എന്ന് സജി നന്ത്യാട്ട് തുറന്നു പറഞ്ഞു. ഫൈവ് ഫിംഗേഴ്സ് എന്ന ചാക്കോച്ചൻ ചിത്രം കാരണം ഒരു വീടും നഷ്ടപ്പെട്ടു. ആറ് കോടിയോളം രൂപ സിനിമ നിർമ്മിച്ചതിനെ തുടർന്ന് നഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ബജറ്റിൽ ഒരുക്കിയ സിനിമയായിരുന്നു കലണ്ടർ. അന്നത്തെ കാലത്ത് 4 കോടി രൂപ എന്നത് വലിയ തുക തന്നെയാണ്. ഫൈവ് ഫിംഗേഴ്സും വലിയ തുക ചിലവാക്കി ചെയ്ത സിനിമ തന്നെയാണ്. സിനിമ നന്നായി തന്നെ വന്നിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ വിജയമായില്ല. ടെലിവിഷനിൽ വന്ന ശേഷം നല്ല അഭിപ്രായം ലഭിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞൂ.
അഞ്ച് കോടിയോളം രൂപ മുടക്കിയാണ് പുതിയ ചിത്രം ‘ഫാൻ്റം ഫൈവ്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ജെൻസി ഓഡിയൻസിനെ പ്രതീക്ഷിച്ചാണ് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നും ജെൻസി പ്രേക്ഷകരെ വിശ്വാസമാണെന്നും സജി നന്ത്യാട്ട് പറഞ്ഞു. ഇത്തരത്തിൽ കോടികൾ മുടക്കി ഒരുപാട് പേരുടെ അധ്വാനത്തിൻ്റെ ഫലമായി പുറത്തുവരുന്ന ചിത്രങ്ങളെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ റിവ്യു ബോംബിംഗ് നടത്തി ചിലർ തകർക്കുന്നത് എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
സിനിമ റിവ്യു ചെയ്യുന്നതിനോട് തനിക്ക് എതിർപ്പില്ല. എന്നാൽ എങ്ങനെ റിവ്യു ചെയ്യണമെന്ന് പലർക്കും അറിയില്ല എന്ന് സജി നന്ത്യാട്ട് പറയുന്നു. സിനിമയെ കുറിച്ച് ഒന്നുമറിയാതെയാണ് മിക്കവരും റിവ്യു ചെയ്യുന്നത്. “ഒരു പേജുള്ള തിരക്കഥ എത്ര ഷോട്ടിൽ എടുക്കാം എന്ന് അശ്വന്ത് കോക്കിനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല” സജി നന്ത്യാട്ട് പറഞ്ഞു. പുറമെയുള്ള കാര്യങ്ങൾക്കപ്പുറം സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ റിവ്യു ചെയ്യുന്നത്. റിവ്യു ചെയ്യുന്നവർ സിനിമയുടെ എല്ലാ സെക്ഷനുകളെക്കുറിച്ചും അറിവുണ്ടായിരിക്കണം. മുൻപ് അത്തരം നിരൂപകരുണ്ടായിരുന്നു എന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.
English Summary
Producer Saji Nanthiyattu revealed he lost his house and land, producing films starring Prithviraj and Kunchacko Boban. He also heavily criticized modern YouTube movie reviewers.