Navya Nair: കോഴിക്കോട് മാളിൽ എത്തിയ നവ്യയോട് മോശം പെരുമാറ്റം; സമയോചിതമായി ഇടപെട്ട് സൗബിൻ; വീഡിയോ വൈറൽ
Soubin Shahir Protects Navya Nair: നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിൻ സാഹിർ ഉടൻ തന്നെ തടയുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാൻ സഹായിക്കുകയും ചെയ്തു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനെത്തിയ നടിയോട് മോശമായി ഒരാൾ പെരുമാറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് മാളിൽ എത്തിയ നവ്യയോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നതും സമയോചിതമായി സൗബിൻ ഇടപ്പെടുന്നതുമാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്.
ശനിയാഴ്ച വൈകിട്ട് കോഴിക്കോട് മാളിൽ നടന്ന പ്രമോഷൻ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരങ്ങളെ കാണാൻ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാൾ നവ്യ നായരെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിൻ സാഹിർ ഉടൻ തന്നെ തടയുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാൻ സഹായിക്കുകയും ചെയ്തു.
പെട്ടെന്ന് തന്റെ നേർക്ക് ഒരു അതിക്രമം ഉണ്ടായപ്പോൾ രൂക്ഷമായ ഒരു നോട്ടം നോക്കി കൊണ്ടായിരുന്നു നവ്യ പ്രതികരിച്ചത്. നടി ആൻ അഗസ്റ്റിനും പ്രമോഷൻ പരിപാടിക്കായി താരങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ഒക്ടോബർ 17 നാണ് ആഗോള റിലീസായെത്തുന്നത്. മമ്മൂട്ടി നായകനായ ‘പുഴു’വിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘പാതിരാത്രി’യിൽ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.