AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: ‘എന്റെ ശ്രീനി..; ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയാണ്’; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

Actor Mohanlal Remembers Sreenivasan: താൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്‍റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.

Sreenivasan: ‘എന്റെ ശ്രീനി..; ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയാണ്’; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
Sreenivasan Image Credit source: social media
sarika-kp
Sarika KP | Published: 20 Dec 2025 10:49 AM

കൊച്ചി: നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. താരത്തിന്റെ വേർപാട് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് അനുസ്മരിച്ച് എത്തുന്നത്. ഇപ്പോഴിതാ ശ്രീനിവാസന്റെ ഓർമകൾ പങ്കുവച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നാണ് മോ​ഹൻലാൽ പറയുന്നത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നും ഏഷ്യനെറ്റ് ന്യൂസിനോട് മോഹൻലാൽ പറഞ്ഞു.

Also Read:മലയാളികളുടെ ദാസനും വിജയനും; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മോഹൻലാൽ – ശ്രീനിവാസൻ കോംബോ

സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്‍റ് എന്നിവരുമായി ഉണ്ടായിരുന്നത്. തന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് താൻ അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നുവെന്നും മോഹൻലാൽ ഓർത്തെടുത്തു.

തങ്ങൾ ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകൾ സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തുന്നവയായിരുന്നു. കാണുമ്പോൾ തമാശ തോന്നുമെങ്കിലും ഏറെ ഉൾകാമ്പുള്ള സിനിമകളായിരുന്നു അത്. സിനിമയെയും ജീവിതത്തിനെയും ഏറെ വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിനെ ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. താൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്‍റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.