Sunny Leone: ആറ് കുട്ടികളെ നഷ്ടമായി, പക്ഷെ ഇന്ന് മൂന്നു കുട്ടികളുടെ അമ്മയാണ്, നമ്മളറിയുന്ന ആളല്ല സണ്ണി ലിയോൺ
ശാരീരികമായ ചില കാരണങ്ങൾ കൊണ്ട് ആറ് കുട്ടികളെ നഷ്ടപ്പെട്ടെന്ന് സണ്ണി വെളിപ്പെടുത്തുന്നു. "നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിരുന്നു.
മുംബൈ: നമ്മൾ കാണുന്ന പല താരങ്ങളുടേയും ജീവിതവും അവർ നേരിട്ട അനുഭവങ്ങളും പലപ്പോഴും നാം പ്രതീക്ഷിക്കുന്നത് പോലെ ആവണം എന്നില്ല. സ്‌ക്രീനിൽ ഗ്ലാമർ താരമായി തിളങ്ങുന്ന സണ്ണി ലിയോണിനെ നമ്മളെല്ലാം അറിയും. എന്നാൽ ജീവിതത്തിൽ അവർ അനുഭവിച്ച വേദനകളും അതിനെ അവർ എങ്ങനെ അതിജീവിച്ചു എന്നും അറിയുന്നവർ ചുരുക്കമാണ്.
മൂന്ന് മക്കളുടെ വാത്സല്യമുള്ള അമ്മയാണ് സണ്ണി ലിയോൺ ഇന്ന്. എന്നാൽ, സണ്ണിക്കും ഭർത്താവ് ഡാനിയൽ വെബറിനും മാതാപിതാക്കളാകാനുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ വെച്ച്, അമ്മയാകാനുള്ള തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവർ നേരിട്ട അനുഭവങ്ങളെപ്പറ്റി സണ്ണി തുറന്നു പറയുന്നു.
ശാരീരികമായ ചില കാരണങ്ങൾ കൊണ്ട് ആറ് കുട്ടികളെ നഷ്ടപ്പെട്ടെന്ന് സണ്ണി വെളിപ്പെടുത്തുന്നു. “നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിരുന്നു. ഒരു ദിവസം ഞങ്ങളുടെ വാടക ഗർഭധാരണത്തിന് സഹായിച്ച സ്ത്രീ പറഞ്ഞു, അവർ ഗർഭിണിയാണ് എന്ന്.’ പക്ഷേ, പിന്നീട് നടത്തിയ പരിശോധനയിൽ അത് കള്ളമാണെന്നു തെളിഞ്ഞു.
ആവർത്തിച്ചുള്ള ഈ വേദനകൾ താങ്ങാൻ കഴിയുന്നതായിരുന്നില്ല. “ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ? ദൈവത്തിന് ഞങ്ങളെ ഇഷ്ടമല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ കഴിയാത്തത്?” എന്നെല്ലാം ഓർത്തു വേദനിച്ച നിമിഷമായിരുന്നു അത്.
നിഷയുടെ കടന്നുവരവ്
ഒടുവിൽ, ദത്തെടുക്കലിലൂടെയാണ് നിഷ എന്ന മാലാഖ സണ്ണിയുടെ ജീവിതത്തിൽ എത്തിയത്. “ആ നാല് പെൺകുട്ടികളെ നഷ്ടപ്പെട്ട സമയത്ത്, ഞങ്ങൾ ദത്തെടുക്കാൻ അപേക്ഷിച്ചു. നീയാണ് ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് ഞങ്ങൾ നിഷയോട് പറയാറുണ്ട്. ഞങ്ങളെ മാതാപിതാക്കളായി നീ തിരഞ്ഞെടുത്തു. നിഷയ്ക്ക് അന്ന് 18 മാസം പ്രായമുണ്ടായിരുന്നെങ്കിലും ഒരു വയസ്സുള്ള കുട്ടിയുടെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ.
അവളെ കണ്ട നിമിഷം, എനിക്കറിയാമായിരുന്നു- ഇതാണ് എന്റെ കുഞ്ഞ് എന്ന് സണ്ണിയും ഡാനിയലും 2017-ലാണ് നിഷയെ ദത്തെടുത്തത്. ഒരു വർഷത്തിന് ശേഷം, 2018-ൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺകുട്ടികളായ നോവയും ആഷറും കൂടി വന്നതോടെ അവരുടെ കുടുംബം പൂർണ്ണമായി.