Vijay Sethupathi: ആരാധകരോട് സംസാരിക്കുന്നതിനിടെ ച്യൂയിങ് ഗം ചവച്ച മകന് വിമർശനം; മാപ്പ് ചോദിച്ച് വിജയ് സേതുപതി
Surya Vijay Sethupathi Controversy: മകൻ സൂര്യയ്ക്കായി ക്ഷമ ചോദിച്ച് വിജയ് സേതുപതി. തൻ്റെ സിനിമയുടെ പ്രീമിയറിനിടെ ച്യൂയിങ് ഗം ചവച്ചുകൊണ്ട് ആരാധകരോട് സംസാരിച്ചു എന്ന വിവാദത്തിനാണ് അദ്ദേഹം ക്ഷമ ചോദിച്ചത്.

ആരാധകരോട് സംസാരിക്കുന്നതിനിടെ ച്യൂയിങ് ഗം ചവച്ച വിജയ് സേതുപതിയുടെ മകൻ സൂര്യക്ക് വിമർശനം. ബഹുമാനമില്ലാത്ത പ്രവർത്തിയാണ് സൂര്യ വിജയ് സേതുപതി ചെയ്തത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശനം. ഇതിന് പിന്നാലെ വിജയ് സേതുപതി തന്നെ മാപ്പ് അപേക്ഷിച്ച് രംഗത്തുവന്നു.
സൂര്യ വിജയ് സേതുപതി ‘ഫീനിക്സ്’ എന്ന സിനിമയിലൂടെ കരിയറിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ സിനിമയുടെ പ്രീമിയർ നടക്കുന്ന സമയത്താണ് നടൻ ആരാധകരോട് സംസാരിച്ചത്. ഇതിനിടെ താരം ച്യൂയിങ് ഗം ചവച്ചു എന്നും ഇത് ആരാധകരെ അപമാനിക്കുന്നതാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകൾ നീക്കം ചെയ്യണമെന്ന് വിജയ് സേതുപതിയും മകനും പലരോടും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു എന്നും ആരോപണമുണ്ട്. ഈ വിവാദങ്ങളോടാണ് വിജയ് സേതുപതി പ്രതികരിച്ചത്.
“അങ്ങനെ എന്തെങ്കിലും സംഭവിച്ചെങ്കിൽ അത് അവൻ്റെ അറിവോടെ ആയിരിക്കിക്കില്ല. അല്ലെങ്കിൽ മറ്റാരെങ്കിലുമാവാം ചെയ്തത്. ആർക്കെങ്കിലും വേദനയോ തെറ്റിദ്ധാരണയോ ഉണ്ടായെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.”- വിജയ് സേതുപതി പറഞ്ഞു.




ഫൈറ്റ് മാസ്റ്ററായ അനൽ അരസു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫീനിക്സ്. സ്പോർട്സ് ആക്ഷൻ ഡ്രാമ സിനിമയായ ഫീനിക്സിൽ സൂര്യ വിജയ് സേതുപതിയ്ക്കൊപ്പം വരലക്ഷ്മി ശരത് കുമാർ, ദേവദർശിനി, ജെ വിഗ്നേഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഈ മാസം നാലിനാണ് സിനിമ തീയറ്ററുകളിലെത്തിയത്. നാനും റൗഡി താൻ, സിന്ധുബാദ് എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കരിയർ ആരംഭിച്ച സൂര്യ വിജയ് സേതുപതി നായകനാവുന്ന ആദ്യ സിനിമയാണ് ഫീനിക്സ്. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സൂര്യ വിജയ് സേതുപതിയുടെ പ്രകടനത്തിനൊപ്പം മേക്കിംഗും ശ്രദ്ധ നേടുന്നുണ്ട്.