BTS V Military Struggles: ‘ചെറിയ ശബ്ദം പോലും അലട്ടും, ഉറങ്ങാൻ കഴിയുന്നില്ല’; സൈനിക സേവനത്തിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് ബിടിഎസ് താരം
BTS V About Post Military Issues: സൈനിക സേവനത്തിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ചുള്ള വിയുടെ തുറന്നുപറച്ചിൽ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായ വിധത്തിലാണ് സൈനിക സേവനംതന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയതെന്ന് താരം പറയുന്നു.

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ വി എന്നറിയപ്പെടുന്ന കിം തെ ഹ്യുങ് ഇക്കഴിഞ്ഞ ജൂൺ 10നാണ് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. ‘ആർമി’യുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു താരത്തിന്റെ മടങ്ങിവരവ്. എന്നാൽ, ഇപ്പോഴിതാ സൈനിക സേവനത്തിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ചുള്ള വിയുടെ തുറന്നുപറച്ചിൽ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായ വിധത്തിലാണ് സൈനിക സേവനംതന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയതെന്ന് താരം പറയുന്നു.
ഒരു ഷോയുടെ ഭാഗമായി പാരിസിൽ എത്തിയ വി, ഷെഡ്യൂളുകളെല്ലാം പൂർത്തിയാക്കിയ ശേഷം ലൈവ് സ്ട്രീമിങ്ങിൽ എത്തിയിരുന്നു. അതിനിടെയായിരുന്നു, തനിക്കിപ്പോൾ ഉറങ്ങാൻ കഴിയുന്നില്ലെന്ന കാര്യം വി വെളിപ്പെടുത്തിയത്. മുമ്പ് ആഴത്തിൽ ഉറങ്ങിയിരുന്ന തന്നെയിപ്പോൾ ചെറിയ ശബ്ദം പോലും അലട്ടുമെന്നും, തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നുമാണ് താരം പറഞ്ഞത്. സൈനിക സേവനത്തിന് ശേഷമാണോ ഇത് സംഭവിച്ചതെന്ന് തനിക്കറിയില്ല. പ്രതീക്ഷിക്കുന്നതിലും നേരത്തെ താൻ ഉണരുന്നുവെന്നും വി പറഞ്ഞു.
വിയുടെ ലൈവ് സ്ട്രീമിങ്ങിൽ നിന്നും:
View this post on Instagram
നേരത്തെ, ബിടിഎസിലെ ഏഴ് അംഗങ്ങളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ലൈവ് സ്ട്രീമിങിനിടയിലും വി സൈനിക സേവനത്തിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സൈന്യത്തിലേത് പോലെ റോൾ കോളുകൾ ചെയ്യാറുണ്ടെന്നായിരുന്നു വി അന്ന് പറഞ്ഞത്. അതേസമയം, സൈനിക സേവനം തന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് തുറന്നുപറയുന്ന ആദ്യത്തെ ബിടിഎസ് അംഗമല്ല വി. നേരത്തെ ബാൻഡിന്റെ ലീഡറായ ആർഎമ്മും തന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഉറക്കമില്ലായ്മയും ഉത്കണ്ഠയും തന്നെ അലട്ടിയിരുന്നുവെന്ന് അദ്ദേഹവും വെളിപ്പെടുത്തി.
ALSO READ: 2026ൽ പുതിയ ആൽബം, വേൾഡ് ടൂർ; പ്രഖ്യാപനങ്ങളുമായി ബിടിഎസ്, ആവേശത്തിൽ ‘ആർമി’
അതേസമയം, സംഗീത ലോകത്തേക്കുള്ള ബിടിഎസിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകവൃന്ദമായ ‘ആർമി’. അടുത്ത വർഷം മാർച്ചോടെ ബിടിഎസിന്റെ മടങ്ങിവരവ് ഉണ്ടാകുമെന്ന് അംഗങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ ആൽബം റിലീസ് ചെയ്യുന്നതിനൊപ്പം, ലോക പര്യടനം (വേൾഡ് ടൂർ) നടത്തുമെന്നും താരങ്ങൾ അറിയിച്ചു. അതിനിടെ, ബിടിഎസ് ഉൾപ്പെടെ ഏഴ് പ്രമുഖ കെ–പോപ്പ് ബാൻഡുകൾ സ്വന്തമായുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ ഹൈബ് മുംബൈയിൽ ഒരു പുതിയ ശാഖ തുടങ്ങാൻ ഒരുങ്ങുകയാണ്. ഇതോടെ ബിടിഎസിന്റെ ലോക പര്യടനത്തിൽ ഇന്ത്യയും ഒരു വേദിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.