Ajith Kumar – Lokesh: ലോകേഷ് കനകരാജും അജിത് കുമാറും ഒന്നിക്കുന്നു; സിനിമയുടെ റിലീസ് 2027ലെന്ന് റിപ്പോർട്ട്
Lokesh Kanagaraj Directing Ajith Kumar: അജിത് കുമാറിനെ നായകനാക്കി ലോകേഷ് കനഗരാജിൻ്റെ സിനിമ വരുന്നു. 2027ൽ സിനിമ റിലീസാവുമെന്നാണ് സൂചന.
തല അജിത് കുമാറും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി കൈകോർക്കുന്നു എന്ന് റിപ്പോർട്ട്. അജിതിൻ്റെ 65ആം സിനിമയായി പുറത്തിറങ്ങുന്ന ഈ ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അജിത്തും ലോകേഷും തങ്ങളുടെ ചിത്രങ്ങളുടെ തിരക്കിലാണ്. ഇതിന് ശേഷമാണ് ഒരുമിച്ചുള്ള സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുക.
നിലവിൽ റേസിങിലാണ് അജിത് കുമാറിൻ്റെ ശ്രദ്ധ. തൻ്റെ 64ആം ചിത്രത്തിൻ്റെ ഷൂട്ടിങ് വൈകാതെ ആരംഭിക്കുകയാണ്. ഇതിന് ശേഷമാവും ലോകേഷ് ചിത്രത്തിൻ്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുക. അജിത്തുമായി ഒരുമിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് ലോകേഷ് മുൻപ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ലോകേഷിൻ്റെ സ്വപ്ന പ്രോജക്ടാണ് ഇതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് ശേഷം അധീക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അടുത്തതായി അജിത് കുമാർ അഭിനയിക്കുക. 2026 ജനുവരിയിൽ ഈ സിനിമയുടെ പ്രഖ്യാപനം ഉണ്ടാവും. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അജിത് കുമാർ തന്നെ അറിയിച്ചിരുന്നു.
രജനികാന്ത് പ്രധാന വേഷത്തിലെത്തിയ കൂലി ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം. സിനിമ നിരൂപകർക്കിടയിൽ വിമർശിക്കപ്പെട്ടിരുന്നു. അരുൺ മാതേശ്വർ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന സിനിമയിലൂടെ ലോകേഷ് അഭിനയത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. ലോകേഷിനൊപ്പം വാമിഖ ഗബ്ബി, സഞ്ജന തുടങ്ങിയവരും ഡിസിയിൽ പ്രധാന വേഷങ്ങളിലെത്തും. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. അനിരുദ്ധ് രവിശങ്കർ സംഗീതസംവിധാനം. ഈ സിനിമയ്ക്ക് ശേഷമാവും അജിത് കുമാറുമൊത്തുള്ള സിനിമ.