Supriya menon: മാധ്യമപ്രവർത്തനത്തിന്റെ മറവിൽ എന്തും ചോദിക്കാമെന്ന് ഈ ‘ജേർണലിസ്റ്റുകൾ’ കരുതുന്നതെന്തിന് – സുപ്രിയ മേനോൻ
Gouri Kishan Body-Shaming Incident: യൂട്യൂബറെ വിമർശിക്കുന്നതിനൊപ്പം, പ്രസ് മീറ്റിൽ ചോദ്യം കേട്ട് ചിരിക്കുകയും മൗനം പാലിക്കുകയും ചെയ്ത മറ്റ് ആളുകളുടെ നിസ്സംഗതയെ അഹാന ചോദ്യം ചെയ്തു.
കൊച്ചി: നടി ഗൗരി കിഷന് പിന്തുണയുമായി സിനിമാ ലോകം ഒന്നടങ്കം രംഗത്ത്. പൊതുവേദിയിൽ ഒരു യൂട്യൂബർ നടത്തിയ ബോഡി ഷെയ്മിംഗ് ചോദ്യത്തിന് ഗൗരി നൽകിയ ധീരമായ മറുപടിക്ക് പിന്നാലെയാണ് നിർമ്മാതാക്കളും നടിമാരുമുൾപ്പെടെ നിരവധി പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ, നടിമാരായ അഹാന കൃഷ്ണ, ഭാഗ്യലക്ഷ്മി തുടങ്ങിയവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ ഗൗരിയെ അഭിനന്ദിച്ചു.
സുപ്രിയ മേനോൻ: ‘മാധ്യമപ്രവർത്തനത്തിന്റെ മറവിൽ എന്തും ചോദിക്കാമോ?’
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ച സുപ്രിയ മേനോൻ, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ രൂക്ഷമായി വിമർശിച്ചു. ‘‘മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്ന് ഈ ‘ജേർണലിസ്റ്റുകൾ’ കരുതുന്നതെന്തിനാണ്! ഗൗരി കിഷൻ നിങ്ങൾ അദ്ദേഹത്തിനു മറുപടി നൽകിയത് നന്നായി.’’ – സുപ്രിയ മേനോൻ കുറിച്ചു.
Also read – ലഹരി ഉപയോഗം സമീർ താഹിറിൻ്റെ അറിവോടെ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ യുവ സംവിധായകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
‘മൗനം പാലിച്ച മറ്റുള്ളവരുടെ മനോഭാവം അസ്വസ്ഥത ഉണ്ടാക്കുന്നു’ അഹാന കൃഷ്ണ
യൂട്യൂബറെ വിമർശിക്കുന്നതിനൊപ്പം, പ്രസ് മീറ്റിൽ ചോദ്യം കേട്ട് ചിരിക്കുകയും മൗനം പാലിക്കുകയും ചെയ്ത മറ്റ് ആളുകളുടെ നിസ്സംഗതയെ അഹാന ചോദ്യം ചെയ്തു. “ആ നിമിഷം നിങ്ങൾക്ക് അനുഭവപ്പെട്ട അസ്വസ്ഥത സ്വാഭാവികമായും നിങ്ങളെ മരവിപ്പിക്കുകയും നിശബ്ദമാക്കുകയും ചെയ്തു. പക്ഷേ, നിങ്ങൾ അത് മറികടന്ന് ഈ മണ്ടൻ ചോദ്യം ചോദിച്ച ഈ വിലക്ഷണനെ തുറന്നുകാട്ടിയതിൽ സന്തോഷം…
ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ആളുകൾക്ക് എങ്ങനെ ചിരിക്കാനും നിസ്സംഗതയോടെ ഇരിക്കാനും കഴിയും?… എല്ലാവരുടെയും മുഖംമൂടി വലിച്ചുകീറിയ നിമിഷം. ആ മുറിയിലുള്ള മറ്റുള്ളവർക്ക് അയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയില്ല എന്നത് സത്യം പറഞ്ഞാൽ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.’’ – അഹാന കുറിച്ചു.