Actor Innocent: നടൻ ഇന്നസെന്റ് ബാക്കിവെച്ച ആ വലിയ ആഗ്രഹം യാഥാർത്ഥ്യമാകുന്നു
Actor Innocent: അദ്ദേഹത്തിന്റെ എക്കാലത്തെയും ഒരു വലിയ ആഗ്രഹം സാഫല്യമാകുന്നു എന്ന ഒരു സന്തോഷവാർത്ത കൂടിയാണ് എത്തുന്നത്....
മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത മുഖമാണ് നടൻ ഇന്നസെന്റിന്റേത്. മലയാള സിനിമയുടെ ഒരുകാലത്തെ ചിരിയുടെ തമ്പുരാൻ. തന്റെ തനതായ ശൈലിയും സംഭാഷണവും കൊണ്ട് ഏത് കഥാപാത്രത്തെയും മനോഹരമാക്കി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടൻ. 1972 നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്നസെന്റ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാന്നാർ മത്തായി (റാംജിറാവു സ്പീക്കിങ്), കിട്ടുണ്ണി (കിലുക്കം), വാരിയർ (ദേവാസുരം), ചാക്കോച്ചൻ (മണിച്ചിത്രത്താഴ്) തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മാറി വന്ന ഓരോ തലമുറയേയും അദ്ദേഹം ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.
നടൻ മാത്രമായിരുന്നില്ല മലയാള സിനിമയിൽ ഇന്നസെന്റ്.വിട പറയും മുൻപെ’, ‘ഓർമ്മയ്ക്കായ്’ തുടങ്ങിയ മികച്ച ചിത്രങ്ങൾ അദ്ദേഹമാണ് നിർമ്മിച്ചത്. കൂടാതെ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA)-യുടെ പ്രസിഡന്റായി 12 വർഷത്തോളം സേവനമനുഷ്ഠിച്ചു. 2023 മാർച്ച് 26നാണ് ഇന്നസെന്റ് നമ്മെ വിട്ടുപിരിഞ്ഞത്. ഏറെ നാളായി അർബുദത്തിന് ചികിത്സയിലായിരുന്ന നടൻ കോവിഡ് ബാധയെ തുടർന്നുണ്ടായ ശ്വാസകോശസംബന്ധമായ അസുഖവും ഹൃദയാഘാതവും മൂലമാണ് മരണപ്പെട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ എക്കാലത്തെയും ഒരു വലിയ ആഗ്രഹം സാഫല്യമാകുന്നു എന്ന ഒരു സന്തോഷവാർത്ത കൂടിയാണ് എത്തുന്നത്.
ALSO READ:അജിത്ത് തനിക്കാര്? വിജയിക്കാൻ ശത്രുക്കളും വേണം, സിനിമ വിടാനുള്ള കാരണത്തെക്കുറിച്ച് വിജയ്
ഇന്നസെന്റിന്റെ കൊച്ചുമകൻ ആയ ജൂനിയർ ഇന്നസെന്റ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് ജൂനിയർ ഇന്നസെന്റ സിനിമയിലേക്ക് എത്തുന്നത്. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് ജൂനിയർ ഇന്നസെന്റിന്. അമീർ പള്ളിക്കൽ സംവിധാനംചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന മറ്റൊരു സിനിമകൂടി ഒരുങ്ങുന്നുണ്ട് ജൂനിയർ ഇന്നസെന്റിന്റേതായി. അതേസമയം 2022-ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ എന്നിവയായിരുന്നു ഇന്നസെന്റ് ജീവിച്ചിരിക്കെ പുറത്തിറങ്ങിയ അവസാന ചിത്രങ്ങൾ. 2023-ൽ പുറത്തിറങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം മനോഹരമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.