PM Modi Biopic: നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’യുടെ ഫസ്റ്റ്ലുക്ക് പുറത്ത്, ചിത്രമൊരുങ്ങുന്നത് വിവിധ ഭാഷകളിൽ
Unni Mukundan to Play PM Narendra Modi in 'MAA Vande': യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നത് വരെയുള്ള യാത്രയാണ് അവതരിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉണ്ണി മുകുന്ദൻ, 'മാ വന്ദേ' പോസ്റ്റർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ‘മാ വന്ദേ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി എച്ച് ആണ്.
യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നത് വരെയുള്ള യാത്രയാണ് അവതരിപ്പിക്കുന്നത്. അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിയുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രം ചർച്ച ചെയ്യും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
‘മാ വന്ദേ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കെ കെ സെന്തിൽ കുമാറും, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീകാർ പ്രസാദുമാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് രവി ബ്രസൂറാണ്. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ഗംഗാധർ എൻ എസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസർ ടി വി എൻ രാജേഷും സഹസംവിധായകൻ നരസിംഹറാവു എം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
നേരത്തെ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയെ നായകനാക്കി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങിയിരുന്നു. ‘പി എം നരേന്ദ്ര മോദി’ എന്ന സിനിമ സംവിധാനം ചെയ്തത് ഒമങ്ക് കുമാറായിരുന്നു. ലെജൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ബോക്സ്ഓഫിസിലും ചിത്രം വൻ പരാജയമായിരുന്നു.