Urvashi Rautela: കാനിൽ റെഡ് കാർപ്പറ്റിൽ തിളങ്ങിയ ഉർവശിയുടെ വസ്ത്രത്തിൽ ദ്വാരം: സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ
Urvashi Rautela at Cannes 2025: ഉർവശിയുടെ തോളിന്റെ ഭാഗത്തായി വസ്ത്രത്തിൽ വ്യക്തമായ ഒരു ദ്വാരം ഉണ്ടായിരുന്നു. നടിയുടെ വസ്ത്രത്തിലെ വാർഡ്രോബ് തകരാർ കണ്ടെത്താൻ നെറ്റിസൻമാർക്ക് അധിക സമയം വേണ്ടിവന്നില്ല.
ഫ്രാൻസ്: 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് നടി ഉർവശി റൗട്ടേല ബ്രസീലിയൻ ചിത്രമായ ‘ദി സീക്രട്ട് ഏജൻറ്’ എന്ന ചിത്രത്തിൻറെ പ്രദർശനത്തിൽ എത്തിയിരുന്നു. കാനിൽ താരങ്ങൾ തിളങ്ങാറുള്ള റെഡ് കാർപെറ്റിൽ ഉർവശിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഒരു കറുത്ത ഗൗണാണ് ധരിച്ചിരുന്നത്. എന്നാൽ, ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകൾക്കും താഴെ ഡ്രസിന് ഒരു പ്രശ്നം ഉണ്ടെന്നാണ് ആളുകൾ കണ്ടെത്തിയിരിക്കുന്നത്.
ഉർവശിയുടെ തോളിന്റെ ഭാഗത്തായി വസ്ത്രത്തിൽ വ്യക്തമായ ഒരു ദ്വാരം ഉണ്ടായിരുന്നു. നടിയുടെ വസ്ത്രത്തിലെ വാർഡ്രോബ് തകരാർ കണ്ടെത്താൻ നെറ്റിസൻമാർക്ക് അധിക സമയം വേണ്ടിവന്നില്ല. എക്‌സിൽ പ്രചരിക്കുന്ന നടിയുടെ വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്റ് ഇപ്രകാരമാണ്, “ഉർവശി റൗട്ടേല :- കാൻസിൽ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി?” എന്നായിരുന്നു വന്ന കമന്റ്. നേരത്തെ മുതൽ സോഷ്യൽ മീഡിയയിലും റെഡ്ഡിറ്റിലും ട്രോൾ ചെയ്യപ്പെടുന്ന താരമാണ് ഉർവശി.
തന്നെക്കുറിച്ച് സ്വയം അഭിമുഖങ്ങളിലും മറ്റും പറയുന്ന കാര്യങ്ങൾ താരത്തിന് തന്നെ തിരിച്ചടിയാകാറുണ്ട്. അടുത്തിടെ ഉത്തരാഖണ്ഡിൽ തൻറെ പേരിൽ ക്ഷേത്രം ഉണ്ടെന്ന് ഉർവശി പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കാനിലെ അനുഭവം. അതേ സമയം, നജാ സാദെ ഡിസൈൻ ചെയ്ത കറുത്ത സിൽക്ക് ടഫെറ്റ ഗൗൺ ആണ് ഉർവശി കാനിൽ ധരിച്ചത്. നീണ്ട ഷിയർ സ്ലീവുകളും ഉയർന്ന നെക്ക്‌ലൈനും ഉള്ള ഈ വസ്ത്രം കറുപ്പ് നിറത്തിന്റെ ഗാഭീര്യം വിളിച്ചോതുന്നതായിരുന്നു. പല പ്രമുഖ താരങ്ങളും ഈ ഡിസൈനറുടെ വസ്ത്രങ്ങൾ ധരിച്ചാണ് കാനിൽ എത്തിയത്.
ALSO READ: നടൻ വിശാലിന്റെ ഭാവി വധു, ദുൽഖറിന്റെ നായിക; ആരാണ് സായ് ധൻഷിക?
അതേ സമയം ഉർവശി റൗട്ടേലയുടെ വസ്ത്രത്തിന് സംഭവിച്ച തകരാർ, ലഭിക്കുമ്പോൾ തന്നെ ഉണ്ടായിരുന്നോ അതോ ധരിച്ചപ്പോൾ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഈ തകരാർ മൂലം ചിലർക്ക് ജോലി പോയേക്കാം എന്ന് ചിലർ കമന്റിൽ ആശങ്ക പ്രകടിപ്പിച്ചു. ഉർവശിയുടെ മുൻ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയ ചിലർ ‘ഇത്തരം നീക്കങ്ങൾ ശ്രദ്ധ കിട്ടാൻ താരം തന്നെ നടത്തിയതാകാം’ എന്നും അഭിപ്രായപ്പെട്ടു.