Vasanthi OTT: പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വാസികയുടെ ‘വാസന്തി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Vasanthi OTT Release: അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിൽ 'വാസന്തി' എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. ചിത്രത്തിൽ ശബരീഷ്, സിജു വിൽസൺ, വിനോദ് തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ചിത്രമാണ് ‘വാസന്തി’. അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ‘വാസന്തി’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. ചിത്രത്തിൽ ശബരീഷ്, സിജു വിൽസൺ, വിനോദ് തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘വാസന്തി’ ഒടിടി
സാമൂഹിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്ത ‘വാസന്തി’യുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സാണ്. ചിത്രം ഓഗസ്റ്റ് 28 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
‘വാസന്തി’ സിനിമയെ കുറിച്ച്
റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഷിനോയ്, സജാസ് റഹ്മാൻ എന്നിവർ ചേർന്നാണ് ‘വാസന്തി’യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നടൻ സിജു വിൽസൺ നിർമിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിജു വിത്സന്റെ വിൽസൺ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ‘വാസന്തി’ സ്വന്തമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമകളിലും സീരിയലുകളിലുമായി അഭിനയ രംഗത്ത് സജീവമായ സ്വാസികയുടെ കരിയറിലെ തന്നെ മികച്ചൊരു ചിത്രമാണ് ‘വാസന്തി’.
ALSO READ: ‘നടികർ’ മുതൽ ‘ജെഎസ്കെ’ വരെ; വാരാന്ത്യം ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയുടെ ഛായാഗ്രാഹകനായ അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. രാജേഷ് മുരുഗേശനാണ് സംഗീത സംവിധാനം.
പ്രൊഡക്‌ഷന്‍ ഡിസൈന്‍: ശ്രീജിത്ത് ശ്രീ, അഭിലാഷ് ബാലന്‍, കോസ്റ്റിയൂം: സുനിത, സൗണ്ട് മിക്‌സ്: ഗണേഷ് മാരാര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അനൂപ് കുരുവിള, പ്രൊഡക്‌ഷന്‍ സപ്പോര്‍ട്ട്: ജദീര്‍ ജംഗോ, രതീഷ് രാമചന്ദ്രന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.