Vijay: ‘ഇതൊക്കെ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്’; മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് വിജയ്
Vijay About Jana Nayagan: ജനനായകൻ സിനിമ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വിജയ്. രാഷ്ട്രീയത്തിൻ്റെ പേരിൽ തൻ്റെ സിനിമയെ ലക്ഷ്യം വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വിജയ് പറഞ്ഞു.

വിജയ്
രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വെക്കുമെന്നത് താൻ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് നടൻ വിജയ്. മാനസികമായി ഇതിന് തയ്യാറെടുത്തിരുന്നു. ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിൻ്റെ പേരിൽ നിർമ്മാതാവിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് വിഷമമുണ്ടെന്നും വിജയ് പറഞ്ഞു. എൻഡിടിവിയോടാണ് താരത്തിൻ്റെ പ്രതികരണം.
ജനനായകൻ്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത് ഈ വർഷം ജനുവരി 9നാണ്. 2025 ഡിസംബർ 18ന് സെൻസർ സർട്ടിഫിക്കറ്റിനായി നിർമ്മാതാക്കൾ അപേക്ഷ സമർപ്പിച്ചു. സിനിമ കണ്ട എക്സാമിനിംഗ് കമ്മിറ്റി 14 മാറ്റങ്ങൾ നിർദ്ദേശിക്കുകയും U/A സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിക്കുകയും ചെയ്തു. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ച പതിപ്പ് വീണ്ടും സമർപ്പിച്ചു. എന്നാൽ, സായുധ സേനയെ മോശമായി ചിത്രീകരിക്കുന്നു എന്നും മതവികാരം വ്രണപ്പെടുത്തുന്നു എന്നും കാണിച്ച് ലഭിച്ച പരാതിയെത്തുടർന്ന് സിനിമ റിവൈസിങ് കമ്മറ്റിയ്ക്ക് വിട്ടു.
റിലീസ് തടസപ്പെട്ടതോടെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകുകയും സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെ ജനുവരി 9ന് നിശ്ചയിച്ച റിലീസ് മുടങ്ങി. നിലവിൽ ഫെബ്രുവരി 6ന് സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.
വിജയ് നായകനാവുന്ന അവസാന സിനിമയാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ കെവിഎൻ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. വിജയ്ക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രൻ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയിൽ സത്യൻ സൂര്യൻ ക്യാമറയും പ്രദീപ് ഇ രാഘവ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.