Vinayakan: ‘അധിക്ഷേപിച്ചതല്ല, കവിത എഴുതിയതാണ്’; ചോദ്യം ചെയ്യലിന് ഹാജരായി വിനായകൻ
Vinayakan Controversy: സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
കൊച്ചി: സമൂഹമാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളിൽ നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. നടനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. വിഎസ് അച്യുതാനന്ദന്റെ മരണസമയത്ത് നടത്തിയ പരാമർശവും ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിലുമായിരുന്നു ചോദ്യം ചെയ്യൽ.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റാണ് വിനായകനെതിരെ പരാതി നൽകിയിരുന്നത്. രാവിലെ 11 മണിയോടെ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായി. വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
താൻ ആരെയും അധിക്ഷേപിച്ചതല്ലെന്നും ഫെയ്സ്ബുക്കിൽ ആധുനിക കവിത എന്ന നിലയ്ക്ക് ആണ് പോസ്റ്റ് ഇട്ടതെന്നുമാണ് വിനായകന്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെതിരെയും ഗായകൻ യേശുദാസിനെതിരെയും വിനായകൻ അശ്ലീല പോസ്റ്റ് ഇട്ടിരുന്നു.
ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റിട്ടു. പരമാർശങ്ങളിൽ വിനായകനെതിരെ വൻ വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ കലാരംഗത്തുള്ളവർ നടനെതിരെ രംഗത്തെത്തി.