Malayalam movie song : പ്രണയം ശാന്തം സന്തോഷം …. മലയാള സിനിമാഗാനങ്ങളിൽ നൊസ്റ്റു നിറച്ചത് ഈ രാഗം
Vrindavan Saranga Melody Malayalam Movie Songs: പാട്ട് കേൾക്കാനിരിക്കുമ്പോൾ ഇനി ഈ രാഗം മനസ്സിലോർക്കാം. കണ്ണടച്ച് ഒരു ദീർഘ നിശ്വാസത്തിനു ശേഷം ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ സമ്മർദ്ദമെല്ലാം ഒരു പാടപോലെ അലിയുന്നത് അനുഭവിച്ച് അറിയാം....
ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ…പ്രിയസഖീ…
തൂവൽക്കൊട്ടാരമെന്ന ജയറാം ചിത്രത്തിലെ അതിമനോഹരമായ പ്രണയഗാനം. മറഞ്ഞിരിക്കുന്ന കരുതലും സ്നേഹവും ഗൃഹാതുരതയും എല്ലാം ഒത്തിണങ്ങിയ പ്രണയത്തിന്റെ വർണനകൾ കേവലം വരികൾക്കപ്പുറം മലയാളികളെ സ്വാധീനിക്കാൻ കാരണം അതിന്റെ ഈണം കൂടിയാണ്. ശാന്തമായി ഒഴുകുന്ന പുഴപോലൊരു രാഗം. അതി സുന്തരമായ സ്വരസ്ഥാനങ്ങൾ… വൃന്ദാവനസാരംഗയ്ക്ക് മലയാള സിനിമയിലെ സ്ഥാനം ഉറപ്പിച്ചത് ഈ പ്രത്യേകതകൾ എല്ലാം കാരണമായിരുന്നു.
90 കളിലെ ഗൃഹാതുരത നിറഞ്ഞ പല സിനിമകളിലും പ്രണയത്തിന്റെ… ഭക്തിയുടെ …. ഓർമ്മയുടെ… ശന്തതയുടെ മുഖങ്ങൾ ൽകാൻ പലവട്ടം വൃന്ദാവന സാരംഗയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഒരേസമയം കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രധാന്യമേറെയുള്ള അപൂർവ്വം രാഗങ്ങളിലൊന്നാണ് ഇത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തി ഗാനങ്ങൾക്കും ഈ രാഗം വളരെ അനുയോജ്യമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കേൾക്കുന്നവർക്ക് സന്തോഷവും ഭക്തിയും നൽകുന്നതാണ് ഇതിന് കാരണം.
ശാന്തമായൊഴുകുന്ന പുഴ
ആനച്ചന്തം എന്ന ചിത്രത്തിലെ ശ്യാമവാനിലേതോ എന്ന ഗാനം മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ വഴിയില്ല. പച്ചപ്പ് നിറഞ്ഞൊരു ഗ്രാമവും അവിടുത്തെ ഉത്സവവും, ആനയും അമ്പാരിയും ആചാരങ്ങളുമെല്ലാം ഒറ്റനിമിഷം കൊണ്ട് ഉള്ളിൽ നിറയ്ക്കുന്ന ഈ ഗാനത്തിലും വൃന്ദാവനസാരംഗയുടെ തൂവൽസ്പർശമുണ്ട്.
കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മഴയിൽ രാത്രി മഴയിൽ എന്ന ഗാനവും ഇത്തരത്തിൽ ഉള്ളിൽ തണുപ്പു വീഴ്ത്തുന്ന മഞ്ഞുതുള്ളി പോലൊന്ന്.
മനോഹരമായ ചിത്രീകരണത്തോടൊപ്പം മഞ്ജരിയുടെ ശബ്ദത്തിലെത്തുന്ന ഈ ഗാനവും മലയാളിയുടെ പ്ലേലിസ്റ്റിലെ സ്ഥിരം സാന്നിധ്യമാണ്. ആകാശദീപമെന്നുമുണരുമിടമായോ എന്ന ഗാനം എത്ര പഴകിയാലും വീര്യം കുറയാത്ത വീഞ്ഞുപോലാണ്. പ്രണയത്തിന്റെ നനുത്ത സ്പർശമാണ് ഇതിലുള്ളത്. അതികഠിനമായ ദുരിതങ്ങൾക്കു ശേഷം ജീവിതം ഒരു തീരത്തണഞ്ഞു ഒടുവിൽ സ്വന്തം നാട്ടിലേക്കെത്തുന്ന നായകൻ… അയാൾ തന്റെ അമ്മയ്ക്കൊപ്പം പുത്തൻ പ്രതീക്ഷകൾ നെയ്യുമ്പോൾ കേൾക്കുന്ന പാട്ട്.
ഭക്തിയും ശാന്തതയും പ്രതീക്ഷയും എല്ലാം നിറഞ്ഞ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ ദീനദയാലോ രാമാ എന്ന ഗാനം വൃന്ദാവനസാരംഗയുടെ മറ്റൊരു മുഖം. ഓരോ രാഗങ്ങൾക്കും ഓരോ ഭാവമാണെങ്കിൽപ്പോലും അത്പം സമാധാനത്തിനായി പാട്ട് കേൾക്കാനിരിക്കുമ്പോൾ ഇനി ഈ രാഗം മനസ്സിലോർക്കാം. കണ്ണടച്ച് ഒരു ദീർഘ നിശ്വാസത്തിനു ശേഷം ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ സമ്മർദ്ദമെല്ലാം ഒരു പാടപോലെ അലിയുന്നത് അനുഭവിച്ച് അറിയാം….