Dies Irae: ഉഗ്ര കോപത്തിന്റെ ദിനം, മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും; എന്താണ് ഡീയെസ് ഈറെ?
What Does ‘Dies Irae’ Mean: 'ഡീയെസ് ഈറെ' എന്നത് ഒരു ലാറ്റിന്‍ വാക്കാണ്. 'ക്രോധത്തിൻ്റെ ദിനം' എന്നാണ് ഈ വാക്കിനർത്ഥം. റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി നടത്തുന്ന കുര്‍ബാനയില്‍ പാടിയിരുന്ന ഒരുലത്തീന്‍ ഗീതമാണ് ഡീയസ് ഈറേ.
നടൻ പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ‘ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്. ഓപ്പണിംഗില്‍ തന്നെ അമ്പരപ്പിച്ചുവെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങളും കളക്ഷനും സൂചിപ്പിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രം പുറത്തിറങ്ങിയത് മുതൽ ആളുകള്‍ തിരഞ്ഞത് ‘ഡീയെസ് ഈറെ’ എന്ന പേരിന്റെ അര്‍ഥമായിരുന്നു. എന്താണ് ഡീയെസ് ഈറെ. നോക്കാം…
‘ഡീയെസ് ഈറെ’ എന്നത് ഒരു ലാറ്റിന്‍ വാക്കാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്നാണ് ഈ വാക്കിനർത്ഥം. റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി നടത്തുന്ന കുര്‍ബാനയില്‍ പാടിയിരുന്ന ഒരുലത്തീന്‍ ഗീതമാണ് ഡീയസ് ഈറേ. എന്നാൽ ഈ പേരിന് പിന്നിലെ ചരിത്രമെന്താണ്? പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രചിക്കപ്പെട്ട ഒരു ക്രിസ്തീയ സങ്കീർത്തനമാണ് ‘ഡീയസ് ഈറെ’ എന്നാണ് വിശ്വാസം. സെൻ്റ് ഫ്രാൻസിസ് അസീസിയുടെ ശിഷ്യനും ജീവചരിത്രകാരനുമായ തോമസ് ഓഫ് സെലാനോ ആണ് ഈ സങ്കീർത്തനത്തിന്റെ രചയിതാവ് എന്നാണ് കരുതപ്പെടുന്നത്. 18 വരികളുള്ള ഈ ഗീതം മരിച്ചപ്പോഴാണ് ആലപ്പിക്കുന്നത്.
ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധി ദിവസത്തെക്കുറിച്ചുമുള്ള ഭയവും ഭക്തിയുമാണ് ഈ ഗീതത്തിൽ വിവരിക്കുന്നത്. ഇതിലെ ഓരോ വരിയും ഒരേ ഈണത്തിലാണ് അവസാനിക്കുന്നത്. ഡീയെസ് ഈറെ പിന്നീട് ആഗോളതലത്തില്‍ മരണത്തിന്റെ സംഗീതമായി ഉപയോഗിക്കാന്‍ തുടങ്ങി. ‘ക്രോധത്തിന്റെ ആ ദിവസം, ഈ ലോകത്തെ ചാരം പോലെ ശിഥിലമാക്കും എന്ന് പറഞ്ഞാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് കാഹളത്തെ കുറിച്ചും ആ കാഹളം ലോകമെമ്പാടുമുള്ള ശവകുടീരങ്ങളിലൂടെ കടന്നുപോകുമ്പോൾ എല്ലാ ആത്മാക്കളെയും ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില്‍ ഒരുമിച്ചുകൂട്ടും. ഈ കാഴ്ചയില്‍ മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും എന്നാണ് വരികളിൽ പറയുന്നത്.
ദുരന്തം, ഭയം, അല്ലെങ്കിൽ വിധി എന്നിവ സൂചിപ്പിക്കാനായാണ് ഡീയസ് ഈറെയുടെ ഈണം സിനിമകളിലും വീഡിയോ ഗെയിമുകളിലും ഉപയോഗിച്ചുവരുന്നത്. ഇതേപോലെ ഒരു ഹൊറര്‍ സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് രാഹുല്‍ സദാശിവനും ‘ഡീയസ് ഈറേ’ ഉപയോഗിച്ചത്. അതിൽ അദ്ദേഹം വിജയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പേരിൽ നിന്ന് തന്നെ സിനിമയുടെ മൊത്തം മൂഡും ഉള്‍ക്കൊള്ളാൻ പ്രേക്ഷകർക്ക് സാധിക്കുന്നു.