AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

A R Rahman: ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാനായത് സൈറയെ വിവാഹം കഴിക്കാനോ? മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

Why A R Rahman Converted To Islam: 1967 ജനുവരി ആറിനാണ് ആര്‍ കെ ശേഖര്‍ എന്ന സംഗീത സംവിധായകന്റെ മകനായി എ ആര്‍ റഹ്‌മാന്റെ ജനനം. മദിരാശിയിലാണ് റഹ്‌മാന്‍ ജനിച്ചുവീണത്. ദിലീപ് കുമാര്‍ എന്നാണ് റഹ്‌മാന്റെ കുടുംബം അദ്ദേഹത്തിന് പേര് നല്‍കിയത്. ബോളിവുഡിലെ ഇതിഹാസ താരം ദിലീപ് കുമാറിനോടുള്ള ആരാധനയായിരുന്നു ആര്‍ കെ ശേഖറിനെ മകന് ആ പേര് തന്നെ നല്‍കാന്‍ പ്രേരിപ്പിച്ചത്.

A R Rahman: ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാനായത് സൈറയെ വിവാഹം കഴിക്കാനോ? മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്?
എ ആര്‍ റഹ്‌മാന്‍ (Image Credits: Facebook)
Shiji M K
Shiji M K | Published: 19 Nov 2024 | 11:22 PM

യാതൊരു വിധ മുഖവുരയുടെയും ആവശ്യമില്ലാത്തൊരു പേരാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റേത്. ഈ ലോകത്ത് ആരോട് ചോദിച്ചാലും അവര്‍ക്കെല്ലാം എ ആര്‍ റഹ്‌മാനെ അറിയാം. അദ്ദേഹത്തെ ഈ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയത് സംഗീതമാണ്. ആ സംഗീതം കോടാനുകോടി ആളുകളെ അദ്ദേഹത്തിലേക്ക് സ്വാധീനിച്ചു. എത്ര തലമുറ മാറി മാറി വന്നാലും അവരെല്ലാം എ ആര്‍ റഹ്‌മാന്റെ ആരാധകരായിരിക്കും. ഒരു സംഗീത കുടുംബത്തില്‍ തന്നെ ജനിച്ച റഹ്‌മാന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

1967 ജനുവരി ആറിനാണ് ആര്‍ കെ ശേഖര്‍ എന്ന സംഗീത സംവിധായകന്റെ മകനായി എ ആര്‍ റഹ്‌മാന്റെ ജനനം. മദിരാശിയിലാണ് റഹ്‌മാന്‍ ജനിച്ചുവീണത്. ദിലീപ് കുമാര്‍ എന്നാണ് റഹ്‌മാന്റെ കുടുംബം അദ്ദേഹത്തിന് പേര് നല്‍കിയത്. ബോളിവുഡിലെ ഇതിഹാസ താരം ദിലീപ് കുമാറിനോടുള്ള ആരാധനയായിരുന്നു ആര്‍ കെ ശേഖറിനെ മകന് ആ പേര് തന്നെ നല്‍കാന്‍ പ്രേരിപ്പിച്ചത്.

ദിലീപിന് അച്ഛനെ പോലെ തന്നെ സംഗീതത്തോട് വളരെ ചെറിയ പ്രായം മുതല്‍ക്കെ അതിയായ താത്പര്യമുണ്ടായിരുന്നു. അച്ഛന്റെ കൂടെ മ്യൂസിക് കമ്പോസിങ്ങിന് പോകുന്നതും പതിവ്. എന്നാല്‍ അച്ഛന്റെ മരണത്തോടെ ദിലീപിന്റെ ജീവിതം ആകെ മാറിമറിഞ്ഞു. വെറും ഒമ്പത് വയസ് മാത്രമാണ് പിതാവ് മരിക്കുമ്പോള്‍ ദിലീപിനുള്ളത്. എന്നാല്‍ അമ്മയേയും സഹോദരങ്ങളേയും നോക്കാനായി ആ ബാലന്‍ ജോലി ചെയ്യാനാരംഭിച്ചു.

ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നുവെങ്കിലും അധ്യാപകരുടെ ഉപദേശത്തോടെ അദ്ദേഹം വീണ്ടും പഠനത്തിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് അദ്ദേഹവും കുടുംബവും മതം മാറുന്നത്. തങ്ങള്‍ എന്തുകൊണ്ടാണ് മതം മാറിയതെന്ന് എ ആര്‍ റഹ്‌മാന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപ് കുമാര്‍ എങ്ങനെ എ ആര്‍ റഹ്‌മാന്‍ ആയി എന്ന കഥ അദ്ദേഹം പറയുന്നത്.

പിതാവിന്റെ അവസാന നാളുകളില്‍ പരിചരിച്ചിരുന്ന ഒരു സൂഫിയുണ്ടായിരുന്നു. പിന്നീട് ഏഴെട്ട് വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. ഇതിന് പിന്നാലെയാണ് ഞങ്ങള്‍ മതം മാറുന്നത്. ആ മതം മാറ്റം ഞങ്ങള്‍ക്ക് വളരെയധികം സമാധാനം നല്‍കുന്ന ഒന്നുകൂടിയായിരുന്നു. തന്റെ അമ്മ ഒരു ഹിന്ദു വിശ്വാസിയായിരുന്നു. ആത്മീയമായി വളരെയധികം ആക്ടീവായിരുന്നു അവര്‍. പഴയ വീടിന്റെ ചുമരില്‍ ഹിന്ദു ദൈവങ്ങളുടെയും മേരി മാതാവിന്റെയും മെക്കയുടെയുമെല്ലാം ചിത്രങ്ങളുണ്ടായിരുന്നു.

Also Read: A R Rahman: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ

എന്നാല്‍ തന്റെ കുടുംബത്തിന്റെ മതം മാറ്റം ഒരിക്കലും തങ്ങളുടെ മറ്റ് കുടുംബാംഗങ്ങളെയോ ചുറ്റുമുള്ളവരെയോ ബാധിച്ചിട്ടില്ല. സംഗീതജ്ഞര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യമായിരുന്നു അതിന് കാരണം. തന്റെ പേരിന് മുമ്പിലെ എ ആര്‍ തിരഞ്ഞെടുത്തത് അമ്മയാണ്. അമ്മയുടെ സ്വപ്‌നത്തില്‍ വന്ന് അല്ലാഹ് റഖയാണ് എആര്‍ എന്നും റഹ്‌മാന്‍ എന്നും പറഞ്ഞത്. എന്നാല്‍ ഈ റഹ്‌മാന്‍ എന്നത് താന്‍ നേരത്തെ തിരഞ്ഞെടുത്തതാണ്.

സഹോദരിയുടെ വിവാഹത്തിന് മുമ്പ് ജ്യോത്സ്യനെ കാണാന്‍ പോയിരുന്നു. ആ സമയത്ത് തന്റെ പേര് മാറ്റുന്നതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. ജ്യോത്സ്യനാണ് അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ റഹിം എന്നീ പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞത്. അതില്‍ റഹ്‌മാനാണ് തനിക്ക് ഇഷ്ടപ്പെട്ടത്. പിന്നീട് മതം മാറിയപ്പോള്‍ അത് സ്വീകരിച്ചു. ദിലീപ് കുമാര്‍ എന്ന പേര് തനിക്ക് ഇഷ്ടമായിരുന്നില്ല എന്നും റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, എ ആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവാഹമോചന വാര്‍ത്തകള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതോടെ സൈറയെ വിവാഹം കഴിക്കുന്നതിനായാണ് ദിലീപ് കുമാര്‍ മതം മാറി എ ആര്‍ റഹ്‌മാന്‍ ആയതെന്ന വിമര്‍ശനങ്ങളും സൈബറിടത്ത് ഉയരുന്നുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ മതം മാറ്റവും മകളുടെ വസ്ത്രധാരണവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മകള്‍ കദീജ ബുര്‍ഖ ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും താനൊരു സ്ത്രീയായിരുന്നുവെങ്കില്‍ താനും ബുര്‍ഖ ധരിക്കുമെന്നാണ് അന്ന് എ ആര്‍ റഹ്‌മാന്‍ പ്രതികരിച്ചത്.