Bangalore Road Rage: വഴി നൽകിയില്ല; 23 കാരൻ മൂന്നംഗ കുടുംബത്തെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചു
Bangalore Road Rage:കുടുംബം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആണ് സംഭവം. ന്യൂ ബി ഇ എൽ റോഡിലെ എം എസ് രാമയ്യ ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്ത് വച്ചാണ് സുകൃത് ഗൗഡ ആക്രമിക്കാൻ ശ്രമിച്ചത്
ബംഗളൂരു : ബംഗളൂരുവിൽ തന്റെ കാറിനു വഴി നൽകിയില്ല എന്ന് ആരോപിച്ച് മൂന്നംഗ കുടുംബത്തെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ഇരുപത്തിമൂന്നുകാരൻ പിടിയിൽ. കൊടിഗെഹള്ളിയിലെ ബാലാജി ലേ ഔട്ട് ലെറ്റിൽ താമസിക്കുന്ന സുകൃത് ഗൗഡയാണ് കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. കുടുംബം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആണ് സംഭവം. ന്യൂ ബി ഇ എൽ റോഡിലെ എം എസ് രാമയ്യ ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്ത് വച്ചാണ് സുകൃത് ഗൗഡ ആക്രമിക്കാൻ ശ്രമിച്ചത്.
മുപ്പത്തിമൂന്ന് വയസ്സുകാരിയായ അങ്കിത പട്ടേൽ ഭർത്താവ് വിനീത് മകൻ എന്നിവരായിരുന്നു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്. അമിത വേഗതയിൽ എത്തിയ സുകൃത് സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ തൊട്ടടുത്തുള്ള ഡിവൈഡറിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ അങ്കിതയ്ക്കും കുട്ടിക്കും പരിക്കുപറ്റി. ഭർത്താവ് വിനീതിന്റെ വാരിയെല്ലുകൾക്കാണ് ക്ഷതം. സമീപവാസികളാണ് ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചത്.
തുടക്കത്തിൽ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ കേസായാണ് പോലീസ് അന്വേഷണം തുടങ്ങിയിരുന്നത്. എന്നാൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇത് മനപ്പൂർവമായ പ്രവർത്തിയാണെന്ന് വ്യക്തമായത്. മാത്രമല്ല അപകടം ഉണ്ടാക്കുന്നതിനു മുൻപായി ജംഗ്ഷനിലെ ഫ്രീ ലെഫ്റ്റിൽ വച്ച് തന്റെ വാഹനത്തിന് സ്ഥലം നൽകിയില്ല എന്ന് ആരോപിച്ചുകൊണ്ട് പ്രതി കുടുംബത്തോട് ദേഷ്യപ്പെട്ടതായും മൊഴി ഉണ്ടായിരുന്നു. ഇതോടെയാണ് മനപ്പൂർവമായ പ്രവർത്തിയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും കേസെടുക്കുകയും ചെയ്തത്. രോഷത്തിൽ പ്രതി കുടുംബത്തെ പിന്തുടർന്നെത്തുകയും കാർ കൊണ്ട് ഇടിച്ച് സ്കൂട്ടർ തെറിപ്പിക്കുകയും ആയിരുന്നു. പ്രതിക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ്