Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ആശുപത്രിയിൽ എത്തിച്ചത് 265 മൃതദേഹങ്ങൾ, ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
Ahmedabad Plane Crash Lastest Update: 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടുവെന്നതാണ് അത്ഭുതകരമായ വിവരം. വിമാനം ജനവാസമേഖലയിലാണ് തകർന്നുവീണത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോർച്ചുഗീസുകാരും 1 കനേഡിയനും ഉൾപ്പെട്ടിരുന്നു.
അഹമ്മദാബാദ്: അഹമ്മദാബാദിലെ ബോയിങ് 787 ഡ്രീംലൈനർ വിമാനാപകടം (Ahmedabad Plane Crash) നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി വിവരം. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. എന്നാൽ അഹമ്മദാബാദിലെ വിമാനം അപകടത്തിൽ എത്രപേർ മരണപ്പെട്ടു എന്നതിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയത്. രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചിൽ നടക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിനായി ഒരു സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടുവെന്നതാണ് അത്ഭുതകരമായ വിവരം. വിമാനം ജനവാസമേഖലയിലാണ് തകർന്നുവീണത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോർച്ചുഗീസുകാരും 1 കനേഡിയനും ഉൾപ്പെട്ടിരുന്നു.
ബിജെ മെഡിക്കൽ കോളേജിലേയും മെഘാനിനഗർ സിവിൽ ആശുപത്രിയുടേയും റെസിഡൻഷ്യൽ കോർട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് വിമാനാപകടം നടന്ന സ്ഥലത്തുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അവരുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം 290 ൽ ഏറെ പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിലെ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളും ഒരു പിജി റസിഡന്റ് ഡോക്ടറും ഒരു സൂപ്പർസ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഭാര്യയും 60 ലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഇന്ന് അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലം സന്ദർശിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.