Ahmedabad Air India Crash: അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം; പ്രഖ്യാപിച്ച് എയർ ഇന്ത്യ
Air India Announces Additional Rs 25 Lakh Compensation: നേരത്തെ ടാറ്റ ഗ്രൂപ്പ് അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് എയർ ഇന്ത്യയുടെ ധനസഹായം.

അഹമ്മദാബാദ് വിമാനാപകടം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്കും, രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിനും അടിയന്തിര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് എയർ ഇന്ത്യ. നേരത്തെ ടാറ്റ ഗ്രൂപ്പ് അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് എയർ ഇന്ത്യയുടെ സഹായം. എയർ ഇന്ത്യയുടെ സിഇഒ കാംബെൽ വിൽസൺ ആണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ സന്ദേശം സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ചത്.
എയർ ഇന്ത്യ മാനേജ്മെന്റ് ടീം നഗരത്തിലുണ്ടെന്നും ആവശ്യമുള്ളിടത്തോളം കാലം അഹമ്മദാബാദിൽ തന്നെ തുടരുമെന്നും കാംബെൽ വിൽസൺ അറിയിച്ചു. അടിയന്തര സാമ്പത്തിക സഹായമായി മരിച്ചവരുടെയും അതിജീവിച്ചവരുടെയും കുടുംബങ്ങൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാംബെൽ വ്യക്തമാക്കി. സാഹചര്യത്തിന്റെ വൈകാരിക സ്വാഭാവം മനസിലാക്കുന്നുവെന്നും ഈ ദുഷ്‌കരമായ സമയത്ത് കുടുംബങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എയർ ഇന്ത്യ സിഇഒയുടെ വീഡിയോ സന്ദേശം:
Message from Campbell Wilson, CEO & MD, Air India. pic.twitter.com/o1wQnReCaG
— Air India (@airindia) June 14, 2025
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നേരത്തെ ടാറ്റ ഗ്രൂപ്പും അറിയിച്ചിരുന്നു. അപകടത്തിൽ തകർന്ന ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ജൂൺ 12-ാം തീയതി ഒന്നരയോടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്ക് തകർന്നുവീണത്. വിമാനത്തിൽ 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഒഴികെ മറ്റെല്ലാവർക്കും ജീവൻ നഷ്ടമായി. അപകടകാരണം വ്യക്തമായിട്ടില്ല. നിലവിൽ വിമാനത്തിലെ ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്ത് വരികയാണ്. ഇതിലെ വിവരങ്ങൾ നിർണായകമാകുമെന്നാണ് കരുതുന്നത്.