Amarnath Yatra 2025: കനത്ത മഴയും മണ്ണിടിച്ചിലും; പഹൽഗാമിൽ നിന്നുള്ള അമർനാഥ യാത്ര നിർത്തിവച്ചു
Amarnath Yatra Suspended: ജൂലൈ മൂന്നിനാണ് അമർനാഥിലേക്കുള്ള യാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് തീർത്ഥാടനത്തിന് എത്തിയത്. 38 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്ര ഓഗസ്റ്റ് ഒമ്പതിനാണ് സമാപിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഹൽഗാമിൽ നിന്നും ബാൽതാൽ ബേസ് ക്യാമ്പുകളിൽ നിന്നുമുള്ള അമർനാഥ് തീർത്ഥാടന യാത്ര താൽക്കാലികമായി നിർത്തിവച്ചു. ഈ വർഷം ജമ്മുവിൽ നിന്ന് ആദ്യമായാണ് യാത്ര നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ റൂട്ടിൽ മണ്ണിടിച്ചിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ തീർത്ഥാടനത്തിന് എത്തിയ ഒരു സ്ത്രീ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
“കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം, തീർത്ഥാടകർ സഞ്ചരിക്കേണ്ട റൂട്ടുകളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. അതിനാൽ, രണ്ട് ബേസ് ക്യാമ്പുകളിൽ നിന്ന് യാത്ര നിർത്തിവയ്ക്കുകയാണ്” കശ്മീർ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി പറഞ്ഞു. നാളെ മുതൽ യാത്ര പുനഃരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജൂലൈ മൂന്നിനാണ് അമർനാഥിലേക്കുള്ള യാത്ര ആരംഭിച്ചത്. 2025 ലെ അമർനാഥ് യാത്രയിൽ 2.47 ലക്ഷത്തിലധികം തീർത്ഥാടകരാണ് എത്തിച്ചേർന്നത്. ജൂലൈ രണ്ട് മുതൽ ജമ്മു ബേസ് ക്യാമ്പിൽ നിന്ന് 1,01,553 തീർത്ഥാടകരാണ് അമർനാഥിലേക്കുള്ള യാത്രയിൽ പങ്കെടുത്തത്. ഇതുവരെ നാല് ലക്ഷത്തിലധികം ആളുകൾ തീർത്ഥാടനത്തിനായി ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് തീർത്ഥാടനത്തിന് എത്തിയത്. 38 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്ര ഓഗസ്റ്റ് ഒമ്പതിനാണ് സമാപിക്കുന്നത്.
ഓൺലൈൻ റജിസ്‌ട്രേഷൻ എപ്രകാരം
SASB എന്ന ഒഫീഷ്യൽ വെബ് സൈറ്റിലെ ഓൺലൈൻ സർവീസിൽ ക്ലിക്ക് ചെയ്യുക.
യാത്രാ പെർമിറ്റ് റജിസ്‌ട്രേഷൻ തിരഞ്ഞെടുക്കുക.
യാത്രികർക്കുള്ള നിർദേശങ്ങൾ വായിച്ച ശേഷം എഗ്രീ ചെയ്യുകയും റജിസ്‌ട്രേഷൻ നടപടിയിലേക്ക് കടക്കുകയും ചെയ്യുക.
പേരും വിലാസവും ആധാർ നമ്പറും മൊബൈൽ നമ്പറും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയും നൽകാം.
ഒപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും കംപൽസറി ഹെൽത്ത് സർട്ടിഫിക്കറ്റിന്റെ (സിഎച്ച്‌സി) പകർപ്പും സമർപ്പിക്കുക.