Russian Woman in Cave: ‘മരിക്കാനല്ല കാട്ടിലേക്ക് പോയത്; പ്രകൃതിയോടൊത്ത് ജീവിക്കാനാണ്’; ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി
Russian Woman and Daughters Rescued from Gokarna Cave: രാമതീർഥ മലയിൽ എത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയാണ് ഗുഹയിൽ ആളനക്കം കാണുന്നതും ഗോകർണ പോലീസ് ഗുഹ പരിശോധിക്കുന്നതും.
കർണാടക: ഗോകർണത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്ന റഷ്യൻ വനിതയേയും രണ്ട് പെൺമക്കളേയും പോലീസ് കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഗോകർണത്തിലെ രാമതീർഥ മലയിലുള്ള അപകടകരമായ ഗുഹയിലാണ് ഇവർ താമസിച്ചിരുന്നത്. നിനാ കുട (40), മക്കളായ പ്രേമ (ആറ്), അമ (നാല്) എന്നിവരെയാണ് പട്രോളിംഗിനിടെ യാദൃശ്ചികമായി പോലീസ് കണ്ടെത്തി പുറത്തെത്തിച്ചത്. ഇവരുടെ കൈവശം മതിയായ രേഖകളും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിനാ കുട.
കാട്ടിൽ ജീവിച്ച് അനുഭവസമ്പത്തുള്ളവരാണ് തങ്ങളെന്നും മരിക്കാൻ വേണ്ടിയല്ല അവിടേക്ക് പോയത്, എല്ലാവരും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നും നിനാ പറയുന്നു. മക്കൾക്ക് അവിടെ വച്ച് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും, അവർ സന്തോഷവതികളായിരുന്നുവെന്നും നീന കൂട്ടിച്ചേർത്തു. തങ്ങൾ നല്ല ഭക്ഷണം കഴിച്ചു. പാചകം ചെയ്തതെല്ലാം ഗ്യാസ് ഉപയോഗിച്ച് തന്നെയാണ്. രുചിയുള്ള ഭക്ഷണമായിരുന്നു. ഒഴിവുസമയങ്ങളിൽ കളിമണ്ണ് കൊണ്ട് രൂപങ്ങളുണ്ടാക്കിയും ചിത്രം വരച്ചും സമയം ചെലവഴിച്ച മക്കൾ എഴുതാനും വായിക്കാനും പഠിച്ചുവെന്നും യുവതി പറയുന്നു.
കൂടാതെ, സാമൂഹികമാധ്യമങ്ങളിൽ വീഡിയോ രൂപത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. താൻ പ്രകൃതിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നിനാ കുട ഇരുപതോളം രാജ്യങ്ങളിൽ താൻ വർഷങ്ങളോളം കാടിനുള്ളിൽ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, വിസയുടെ കാലാവധി കഴിഞ്ഞ വിവരം യുവതി സമ്മതിച്ചു. എങ്കിലും, 2017 മുതൽ അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്ന വാർത്തകൾ നിഷേധിച്ചു. പഴയ പാസ്പോർട്ട് കണ്ടിട്ടാണ് പലരും ഇങ്ങനെ പ്രചരിപ്പിച്ചതെന്നും, അടുത്തിടെയാണ് വിസയുടെ കാലാവധി കഴിഞ്ഞതെന്നും നിനാ കൂട്ടിച്ചേർത്തു.
ALSO READ: ‘നോണ്‍ വെജ്’ പാല്‍ വേണ്ട, അമേരിക്കയോട് ഇന്ത്യയുടെ കടുംപിടുത്തം; കാരണം
അതേസമയം, രാമതീർഥ മലയിൽ എത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയാണ് ഗുഹയിൽ ആളനക്കം കാണുന്നതും ഗോകർണ പോലീസ് ഗുഹ പരിശോധിക്കുന്നതും. പരിശോധനയിൽ ഒരു സ്ത്രീയേയും രണ്ടുകുട്ടികളേയും ഗുഹയിൽ നിന്ന് കണ്ടെത്തി. തങ്ങൾ ധ്യാനത്തിലാണ് എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഗോവയിൽ നിന്ന് ഗോകർണയിലെത്തിയ തങ്ങൾ, നഗരത്തിന്റെ ബഹളത്തിൽ നിന്ന് വിട്ടൊഴിഞ്ഞ് ഏകാന്തത തേടിയാണ് ഇവിടേക്ക് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു.