Arch Collapses At North Chennai: വടക്കൻ ചെന്നൈ താപവൈദ്യുത നിലയത്തിൽ അപകടം: 9 പേർ മരിച്ചു
Arch Collapses At North Chennai: നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് സ്റ്റീൽ ആർച്ച് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു.
ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ എൻനോർ താപവൈദ്യുത നിലയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സ്റ്റീൽ ആർച്ച് തകർന്ന് ഒമ്പത് അതിഥി തൊഴിലാളികൾ മരിച്ചു. 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ചയാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം, നാല് തൊഴിലാളികൾ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നിരവധി തൊഴിലാളികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് സ്റ്റീൽ ആർച്ച് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. തകർന്ന ആർച്ചിന് അടിയിൽപ്പെട്ട് തൊഴിലാളികൾ കുടുങ്ങി. വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി എമർജൻസി സർവീസുകളും രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി.
പരിക്കേറ്റവരെ സന്ദർശിക്കാനായി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറി ജെ. രാധാകൃഷ്ണനും ടാൻജെഡ്കോ (TANGEDCO) ചെയർമാനും സ്റ്റാൻലി ആശുപത്രിയിലെത്തി.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആവഡി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.