Cloud Seeding: ഡൽഹിയിൽ കൃത്രിമ മഴ പാളി; എന്താണ് ക്ലൗഡ് സീഡിങ്? മഴ പെയ്യുന്നത് എങ്ങനെ?
What is Cloud Seeding: കാന്‍പുര്‍ ഐഐടിയുമായി സഹകരിച്ച് 1.2 കോടി രൂപ മുടക്കിയായിരുന്നു ക്ലൗഡ് സീഡിങ് നടത്തിയത്. എന്നാൽ ഈ നീക്കം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ന്യൂഡല്‍ഹി: വായൂ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ‘ക്ലൗഡ് സീഡിങ്’ വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ശ്രമം. കാന്‍പുര്‍ ഐഐടിയുമായി സഹകരിച്ച് 1.2 കോടി രൂപ മുടക്കിയായിരുന്നു ക്ലൗഡ് സീഡിങ് നടത്തിയത്. എന്നാൽ ഈ നീക്കം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ എന്താണ് ക്ലൗഡ് സീഡിങ് എന്നും എങ്ങനെയാണ് കൃത്രിമ മഴ പെയ്യുന്നതെന്നുമാണ് ഉയരുന്ന ചോദ്യം. ഇത് നോക്കാം.
എന്താണ് ക്ലൗഡ് സീഡിങ്?
മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി മഴയുടെ അളവ് കൂട്ടാനോ, അല്ലെങ്കിൽ കൃത്രിമമായി മഴ പെയ്യിക്കാനോ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിയാണ് ക്ലൗഡ് സീഡിംഗ്. ഇതിനായി മേഘങ്ങളിൽ ‘സീഡിങ് ഏജന്റ്സ്’ എന്ന് അറിയപ്പെടുന്ന ചില രാസവസ്തുക്കൾ വിതറുന്നു. സിൽവർ അയൊഡൈഡ്, പൊട്ടാസ്യം അയൊഡൈഡ്, ഡ്രൈ ഐസ്, സോഡിയം ക്ലോറൈഡ് എന്നിവയാണ് സാധാരണയായി സീഡിങ് ഏജൻ്റുകളായി ഉപയോഗിക്കുന്നത്.
ക്ലൗഡ് സീഡിങ്ങിന് രണ്ട് പ്രധാന രീതികളാണുള്ളത്. ഒന്ന് തണുത്ത മേഘങ്ങളിൽ പ്രയോഗിക്കുന്ന ‘ഗ്ലേസിയോജെനിക് ക്ലൗഡ് സീഡിങ്’ ആണ്. ഇതിനായി മേഘങ്ങളിൽ സിൽവർ അയൊഡൈഡ് അല്ലെങ്കിൽ ഡ്രൈ ഐസ് വിതറുന്നു. ഇത് ഐസ് ക്രിസ്റ്റലുകളായി മാറി മഴയായി പെയ്യുന്നു. രണ്ടാമത്തെ രീതി ‘ഹൈഗ്രോസ്കോപിക് ക്ലൗഡ് സീഡിങ്’ ആണ്. ഈ പ്രക്രിയ നടത്താൻ ചൂടുള്ള മേഘങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സോഡിയം ക്ലോറൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് മഴ പെയ്യിപ്പിക്കുന്നത്.
Also Read:തിരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ; മോദിയും രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണ റാലികളിൽ പങ്കെടുക്കും
ക്ലൗഡ് സീഡിങ് എങ്ങനെ?
ക്ലൗഡ് സീഡിങ് നടത്താൻ ഇതിനായി മേഘങ്ങളെ തിരഞ്ഞെടുക്കുന്നു. ഇതിനു വേണ്ടി ഈർപ്പം, താപനില തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. പിന്നീട്, രാസവസ്തുക്കൾ മേഘങ്ങളിൽ വിതറുന്നു. വിമാനങ്ങൾ വഴിയോ നിലത്തുനിന്നുള്ള ജനറേറ്ററുകൾ വഴിയോ ഡ്രോണുകൾ വഴിയോ ഇങ്ങനെ ചെയ്യാം. ഇത് മേഘങ്ങളിൽ എത്തി ജലാംശത്തെ ആകർഷിച്ച് വലിയ തുള്ളികളാക്കി മാറ്റുന്നു. ഇത് ഭാരമുള്ളതാകുമ്പോൾ മഴയായി താഴേക്ക് പതിക്കുന്നു.
എന്തുകൊണ്ട് ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു
ക്ലൗഡ് സീഡിങ് നടത്തിയിട്ടും രാജ്യതലസ്ഥാനത്ത് മഴ പെയ്തില്ല. ഇതിനു കാരണം തിരഞ്ഞെടുത്ത മേഘങ്ങളിൽ ആവശ്യത്തിനു ഈർപ്പം ഉണ്ടായിരുന്നില്ലെന്നതാണ്. മതിയായ ഈർപ്പമുള്ളമേഘങ്ങളിൽ മാത്രമേ ഇത് വിജയകരമാകും. വരണ്ട കാലാവസ്ഥയിൽ ഇത് ഫലപ്രദമല്ല. ഒരു തവണ ക്ലൗഡ് സീഡിങ് പ്രക്രിയ നടത്താൻ തന്നെ ലക്ഷങ്ങളാണ് ചിലവ്. കൃത്രിമ മഴ പെയ്യിക്കുന്നതോടെ വായു മലിനീകരണം കുറയ്ക്കുമെങ്കിലും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം മലിനീകരണം കൂടുമെന്നും അവർ പറയുന്നു.