Al-Falah University: അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം പിൻവലിച്ച് എഐയു; വെബ്‌സൈറ്റിനും വിലക്ക്
Al-Falah University Revokes AIU: സർവകലാശാലകൾ നല്ല നിലയിൽ തുടരുന്നിടത്തോളം കാലം അംഗങ്ങളായി പരിഗണിക്കപ്പെടും, അങ്ങനെയല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം പിൻവലിക്കുന്നതായി എഐയു പ്രസ്താവനയിൽ പറയുന്നു.
ന്യൂഡൽഹി: രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ ചൂണ്ടികാട്ടി അൽ-ഫലാഹ് സർവകലാശാലയുടെ അംഗത്വം റദ്ദാക്കി അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു). സർവകലാശാലകൾ നല്ല നിലയിൽ തുടരുന്നിടത്തോളം കാലം അംഗങ്ങളായി പരിഗണിക്കപ്പെടും, അങ്ങനെയല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം പിൻവലിക്കുന്നതായി എഐയു പ്രസ്താവനയിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയതിനെത്തുടർന്ന്, ഫരീദാബാദ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിനോട് എഐയുവിന്റെ ലോഗോ ഉടനടി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് ഇനി മുതൽ അതിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളിൽ എഐയുവിന്റെ പേരോ ലോഗോയോ ഉപയോഗിക്കാൻ പാടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അൽ-ഫലാഹ് സർവകലാശാലയുടെ അംഗത്വം എഐയു റദ്ദാക്കിയതോടെ, സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://alfalahuniversity.edu.in/ നിലവിൽ പ്രവർത്തനരഹിതമാണ്. വെബ്സൈറ്റിൽ വ്യാജമായി NAAC അംഗീകാരം പ്രദർശിപ്പിച്ചതിന് നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെയാണ് വൈറ്റ് കോളർ ഭീകരസംഘത്തിലെ പ്രധാനികൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഇഡി കണ്ടെത്തിയതും നടപടികൾ ആരംഭിച്ചതും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) സർവകലാശാലയുടെ ധനകാര്യ ഇടപാടുകൾ, വിദേശ ഫണ്ടുകൾ, മറ്റ് സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് ഇഡി വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
NAAC അംഗീകാരം ലഭിക്കുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്യാഞ്ഞിട്ടും, തങ്ങളുടെ ചില കോളേജുകൾക്ക് NAAC അംഗീകാരമുണ്ടെന്ന് സർവകലാശാല വെബ്സൈറ്റിൽ പ്രചരിപ്പിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് NAAC കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. 1997-ൽ ഒരു എഞ്ചിനീയറിംഗ് കോളേജായിട്ടാണ് അൽ-ഫലാഹ് ആരംഭിച്ചത്. പിന്നാട് 2014-ൽ ഹരിയാന സര്‍ക്കാരിന്റെ കീഴിൽ സർവകലാശാല പദവി നേടിയെടുത്തു. മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി സ്വയം അവതരിപ്പിച്ച സർവകലാശാലയാണിത്. കഴിഞ്ഞ ദിവസത്തെ സ്ഫോടനവുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരാണ് സർവകലാശാല നിന്ന് അറസ്റ്റിലായത്.