Bengaluru: ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു; റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിൽ
Bengaluru Traffic: ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു. പൂനെയും പട്ടികയിലെ ആദ്യ പത്തിലുണ്ട്.
ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു. നെതർലൻഡ്സ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനി ടോംടോം പുറത്തുവിട്ട 2025 ഗ്ലോബൽ മൊബിലിറ്റി ഡേറ്റ പ്രകാരമാണ് ബെംഗളൂരു ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച രണ്ടാമത്തെ നഗരമായത്.
2025ൽ ലോകത്തിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ നഗരമായിരുന്നു ബെംഗളൂരു. വെറും 16.6 കിലോമീറ്ററായിരുന്നു ബെംഗളൂരുവിലെ ശരാശരി വേഗത. നഗരത്തിൽ 4.2 കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി എടുക്കുന്ന സമയം ഏതാണ് 15 മിനിട്ടാണ്. ബെംഗളൂരുവിലെ യാത്രക്കാർ ഒരു വർഷത്തിൽ 168 മണിക്കൂറാണ് ട്രാഫിക് ബ്ലോക്കിൽ പെടുന്നത്. അതായത്, ഏഴ് ദിവസവും 40 മിനിട്ടും. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്ഥിതി വളരെ മോശമായിരുന്നു. 2024ൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 34 മിനിട്ടും 10 സെക്കൻഡുമാണ് വേണ്ടിയിരുന്നത്. 2025ൽ ഇത് 36 മിനിട്ടും 9 സെക്കൻഡുമായി ഉയർന്നു.
മെക്സിക്കോ ആണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിലെ പൂനെ ലോകവ്യാപകമായി അഞ്ചാം സ്ഥാനത്തുണ്ട്. പൂനെ ആണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യൻ നഗരം. ഏഷ്യൻ നഗരങ്ങളെടുത്താൽ ബെംഗളൂരു, പൂനെ എന്നീ നഗരങ്ങൾക്കൊപ്പം മുംബൈ, ന്യൂ ഡൽഹി, കൊൽക്കത്ത, ജയ്പൂർ എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്. ചെന്നൈ 11ആം സ്ഥാനത്തും ഹൈദരാബാദ് 15ആം സ്ഥാനത്തുമാണ്.