Railway Loco Pilots Salary: ട്രെയിൻ ഡ്രൈവർമാരുടെ ശമ്പളം എത്രയെന്ന് അറിയാമോ? ലോക്കോ പൈലറ്റാകാൻ ചെയ്യേണ്ടത്
Railway Loco Pilot Salary and Qualification Guide 2026: ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായ സെമി-ഹൈസ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിലെ ലോക്കോ പൈലറ്റുമാരാണ് നിലവിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നത്. ഉയർന്ന സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ഈ ജോലിയിൽ, അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം 70,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.
ന്യൂഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും അഭിമാനകരമായ തസ്തികകളിലൊന്നാണ് ലോക്കോ പൈലറ്റ്. ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ കൈകളിലേന്തി ട്രെയിൻ നിയന്ത്രിക്കുന്ന ഈ ഡ്രൈവർമാരുടെ ശമ്പളവിവരങ്ങൾ പുറത്തുവന്നു. ട്രെയിനുകളുടെ വേഗതയും ഉത്തരവാദിത്തവും കൂടുന്നതിനനുസരിച്ച് ലോക്കോ പൈലറ്റുമാരുടെ വരുമാനത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
വന്ദേ ഭാരത് ഡ്രൈവർമാർക്ക് റെക്കോർഡ് ശമ്പളം
ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായ സെമി-ഹൈസ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിലെ ലോക്കോ പൈലറ്റുമാരാണ് നിലവിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നത്. ഉയർന്ന സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ഈ ജോലിയിൽ, അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം 70,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. കത്ര-ശ്രീനഗർ പോലുള്ള പ്രീമിയം റൂട്ടുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ ഉയർന്ന വേതനം ലഭിക്കുന്നത്.
രാജധാനി, ശതാബ്ദി ട്രെയിനുകളിലെ വരുമാനം
ഇന്ത്യയിലെ മറ്റ് പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി എന്നിവയിലെ ലോക്കോ പൈലറ്റുമാരുടെ ശമ്പളവും ആകർഷകമാണ്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പ്രതിമാസം 35,000 രൂപ മുതൽ 55,000 രൂപ വരെ അടിസ്ഥാനപരമായി ലഭിക്കും. ഇവർക്ക് പ്രത്യേക ഷിഫ്റ്റ് അലവൻസുകളും ദൂരമനുസരിച്ചുള്ള അലവൻസുകളും അധികമായി ലഭിക്കുന്നു.
കരിയർ തുടങ്ങുന്നത് ?
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) ആയിട്ടാണ് ഒരാൾ തന്റെ കരിയർ ആരംഭിക്കുന്നത്. ഏകദേശം 19,900 രൂപയാണ് അടിസ്ഥാന ശമ്പളം. വിവിധ അലവൻസുകൾ കൂടി ചേരുമ്പോൾ തുടക്കത്തിൽ 25,000 മുതൽ 35,000 രൂപ വരെ മാസം ലഭിക്കും. എഎൽപിയിൽ നിന്ന് ലോക്കോ പൈലറ്റ്, സീനിയർ ലോക്കോ പൈലറ്റ്, ചീഫ് ലോക്കോ പൈലറ്റ് എന്നിങ്ങനെ പടിപടിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ ഡിഎ, എച്ച്ആർഎ, ഗതാഗത ആനുകൂല്യങ്ങൾ എന്നിവയും വർദ്ധിക്കും.
സ്ലീപ്പർ ക്ലാസ് മുതൽ ഹൈ-സ്പീഡ് ട്രെയിനുകൾ വരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. ട്രെയിനിന്റെ തരം മാറുന്നതനുസരിച്ച് സാങ്കേതിക പരിജ്ഞാനവും ഉത്തരവാദിത്തവും ശമ്പളവും ഉയരുന്നു.