Diwali Special Train: ബെംഗളൂരു – ചെന്നൈ ദീപാവലി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു: തീയതികൾ, സ്റ്റോപ്പുകൾ എന്നിവ ഇങ്ങനെ
Bengaluru – Chennai Diwali special trains 2025 announced: ട്രെയിനുകളിൽ പടക്കങ്ങൾ, പെട്രോൾ, ഡീസൽ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി.
ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദക്ഷിണ പശ്ചിമ റെയിൽവേ ബംഗളൂരു – ചെന്നൈ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. അതേസമയം, ഉത്സവ സീസണിൽ തീവണ്ടികളിൽ പടക്കം ഉൾപ്പെടെയുള്ള തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ ദക്ഷിണ റെയിൽവേ കർശന മുന്നറിയിപ്പ് നൽകി.
ബംഗളൂരു-ചെന്നൈ പ്രത്യേക ട്രെയിനുകൾ
യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി പ്രധാനപ്പെട്ട തീയതികളിൽ SWR പ്രത്യേക ട്രെയിനുകൾ ഓടിക്കും. ഒക്ടോബർ 18, 21, 25 തീയതികളിൽ കെ. എസ്. ആർ. ബംഗളൂരുവിൽ നിന്ന് രാവിലെ 8:05-ന് പുറപ്പെട്ട്, അതേ ദിവസം ഉച്ചയ്ക്ക് 2:45-ന് ചെന്നൈ സെൻട്രലിൽ എത്തും.
ഒക്ടോബർ 18, 21, 25 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് വൈകുന്നേരം 4:30-ന് പുറപ്പെട്ട് രാത്രി 10:45-ന് കെ.എസ്.ആർ. ബംഗളൂരുവിൽ എത്തിച്ചേരും. യശ്വന്ത്പൂർ, കെ.ആർ. പുരം, ബംഗാരപ്പേട്ട്, ജോലാർപ്പേട്ടൈ, കാട്പാടി, അരക്കോണം, തിരുവള്ളൂർ, പേരമ്പൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.
സുരക്ഷാ നടപടികൾ
അധിക സർവ്വീസുകൾ ഒരുക്കുന്നതിനൊപ്പം റെയിൽവേ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ട്രെയിനുകളിൽ പടക്കങ്ങൾ, പെട്രോൾ, ഡീസൽ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി. ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിക്കുമെന്നതിനാൽ ഇത്തരം സാധനങ്ങൾ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെന്റ് റെയിൽവേ പോലീസും സംയുക്തമായി പ്രധാന സ്റ്റേഷനുകളിൽ ബാഗേജ് പരിശോധന ഉൾപ്പെടെയുള്ള വിപുലമായ പരിശോധനകളും ബോധവൽക്കരണ ക്യാമ്പയിനുകളും നടത്തുന്നുണ്ട്.
ശിക്ഷാ നടപടികൾ
ആദ്യ തവണ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ ആറ് മാസം വരെ തടവോ ലഭിക്കാം. ഇത് ആവർത്തിച്ചാൽ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ലഭിക്കാവുന്നതാണ്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ സുരക്ഷാ ഹെൽപ്‌ലൈൻ നമ്പറുകളായ 139-ലോ 182-ലോ ബന്ധപ്പെടണമെന്നും റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.